തൊടുപുഴ: തൊണ്ടിക്കുഴ-നടയം റോഡിലെ കൂവേക്കുന്നില് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രി വൈകിയാല്‍ സാമൂഹ്യ വിരുദ്ധരുടേയും കേന്ദ്രമാണിവിടം. ദുര്‍ഗന്ധം മൂലം മുഖാവരണം ധരിച്ചാലും മൂക്ക് പൊത്താതെ ഇതുവഴി യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഇടവെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട മേഖലയാണിത്. ഇരുവശത്ത് നിന്നും കയറ്റം കയറി എത്തുന്ന കുന്നിന് സമീപത്താണ് മാലിന്യം തള്ളുന്നത്. മിക്കപ്പോഴും റോഡിലും റോഡിനോട് ചേര്‍ന്ന് പുല്ലുകയറി മൂടിയ കാനയിലുമാണ് മാലിന്യങ്ങള്‍ തള്ളുന്നത്. നിരവധി മദ്യക്കുപ്പികളും ഇതിന് സമീപത്തായി കിടപ്പുണ്ട്.
രാത്രി വാഹനങ്ങളിലെത്തി അപരിചിതര്‍ അടക്കം ഇവിടെ തമ്പടിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഉപേക്ഷിക്കുന്ന കുപ്പികളും ഇവിടെ ഉണ്ട്. തെരുവ് നായ്ക്കള്‍ മാലിന്യങ്ങള്‍ വലിച്ച് റോഡിലേക്ക് ഇടുന്നതും പതിവാണ്. ഇടക്കിടയ്ക്ക് മഴ പെയ്യുന്നതിനാല്‍ ഈ മാലിന്യം ഒഴുകി താഴെ ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ട്. ഇത് സാക്രമിക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഭീതിയിലാണ് നാട്ടുകാര്‍. തൊട്ടടുത്തൊന്നും ആള്‍താമസം ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്.
പലതവണ പരാതി പറഞ്ഞെങ്കിലും അധികാരികള്‍ ഇത് കണ്ട ഭാവം നടിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. മാലിന്യം ഇടുന്നത് കണ്ടാല്‍ നടപടി എടുക്കാമെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ മാലിന്യം തള്ളുന്ന സ്ഥലം പഞ്ചായത്ത് മുന്‍കൈയെടുത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ തന്നെ ഇത് ഒരു പരിധി വരെ നില്‍ക്കുമെന്ന് സമീപവാസികള്‍ പറയുന്നു. പഞ്ചായത്തിലെ തന്നെ ഏറ്റവും നല്ല വഴികളിലൊന്നാണ് ഇതെന്നതിനാല്‍ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിനവും കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: