കാഞ്ഞങ്ങാട്: അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ ബാവാ നഗര്‍ മുറിയനാവി റോഡിലെ ഗര്ത്തമടക്കാന് മെറ്റലുമായി വന്ന ലോറി മറ്റൊരു കുഴിയില്‍ താഴ്ന്നു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. മെറ്റലുമായി വന്ന ലോറി താഴുകയായിരുന്നു. അശാസ്ത്രീയമായ ഗട്ടര്‍ നിര്‍മ്മാണമാണ് ഇങ്ങനെ ഒരു കുഴി രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 38-ാം വാര്‍ഡില്‍ പെട്ട ഈ റോഡ് ടാര്‍ ചെയ്തു പൂര്‍ത്തിയായത് ഈയടുത്താണ്. റോഡ് സന്ദര്‍ശിച്ച എഞ്ചിനീയറിങ് വിഭാഗം പൊട്ടിപ്പൊളിഞ്ഞ സ്ഥലങ്ങള്‍ പുനര്‍നിര്‍മാണം നടത്തുമെന്നും വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ടു തവണ തകര്‍ന്നതോടെ വിജിലന്‍സിന് പരാതി കൊടുക്കാനിരിക്കയാണ് നാട്ടുകാര്‍. നേരത്തെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ നാട്ടുകാര്‍ കുഴിക്കുള്ളില്‍ വാഴ നട്ടു പ്രതിഷേധിച്ചിരുന്നു.
ചെറു വാഹനങ്ങള്‍ക്ക് പോലും സഞ്ചാര യോഗ്യമല്ലാതെ അസാധ്യമായ നിലയില്‍ നേരത്തെ തകര്‍ന്നു കിടക്കുകയായിരുന്നു. പല തവണ നാട്ടുകാര്‍ ഇക്കാര്യം നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിരുന്നില്ല. അവസാനം പത്ത് മാസം മുമ്പാണ് ഗട്ടറിന്റെ നിര്‍മ്മാണവും, അതിന് ശേഷം ടാറിങ്ങും പൂര്‍ത്തിയാക്കിയത്. തീരദേശ റോഡുമായി ലിങ്കായത് കൊണ്ട് നിത്യേന ആയിരക്കണക്കിനാളുകള്‍ ഈ റോഡിനെ ആശ്രയിക്കുന്നു. നേരത്തെ റോഡു തകര്‍ന്നത് മൂലം ഇരുചക്ര വാഹന യാത്രക്കാരും വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള യാത്രക്കാര്‍ ഇതു മൂലം നരകയാതനയനുഭവിച്ചിരുന്നു. അടുത്തിടെ ഉദ്ഘാടനം ചെയ്ത റോഡിന്റെ അടിത്തറയടക്കം തകര്‍ന്ന നിലക്ക് റോഡിന്റെ ഈ ഭാഗം പുനര്‍ നിര്‍മ്മാണം നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് നില്ക്കുന്നതിനാല് ഇരുചക്ര വാഹനങ്ങളുള്‍പ്പടെ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നത് നിത്യ സംഭവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: