ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് പകര്‍ന്നത് ഇതര സംസ്ഥനത്ത് നിന്നെത്തിയ ലോറി ഡ്രൈവര്‍മാരില്‍ നിന്നെന്ന് സംശയം. രോഗം ബാധിച്ച ചുമട്ടുതൊഴിലാളിയുടെ കൂടെ പണിയെടുക്കുന്ന 12 ഓളം പേരെ ബദിയടുക്കയിലെ പട്ടികജാതി ഹോസ്റ്റലിലുള്ള കേന്ദ്രത്തില്‍ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഇയാളുടെ സഹോദരനും ചുമട്ടുതൊഴിലാളിയാണ്. ഇവിടെയുള്ള ഗുജറാത്തികളുടെ അടയ്ക്ക സംസ്കരണ കേന്ദ്രങ്ങളില്‍ നിന്ന് മൂന്നോ നാലോ ലോഡോളം അടയ്ക്ക ഗുജറാത്തിലേക്കു കയറ്റി അയക്കുന്നുണ്ട്. ചരക്കുലോറികള്‍ ഗുജറാത്തില്‍ നിന്നെത്തിയാണ് അടയ്ക്ക കൊണ്ട് പോകുന്നത്.
പലയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന അടയ്ക്കകള്‍ അടയ്ക്ക സംസ്കരണ കേന്ദ്രങ്ങളില്‍ ഇറക്കുന്നതും കയറ്റുന്നതും ഈ ചുമട്ടു തൊഴിലാളികളാണ്. മാത്രമല്ല രാജസ്ഥാനികളുടെ മാര്‍ബിള്‍ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നും മാര്‍ബിള്‍ കയറ്റുന്നതും ഇറക്കുന്നതും ഇവര്‍ തന്നെയാണ്. ഇതും കൂടാതെ റേഷന്‍ കടകള്‍ക്കുള്ള സാധനങ്ങളിറക്കുന്നതും കാണ്‍പൂരില്‍ നിന്നുമുള്ള ഉള്ളി ഗോഡൗണിലിറക്കി വിവിധ സ്ഥലങ്ങളിക്ക് കയറ്റി അയക്കുന്നതും ഇവരാണ്.
അതിനാല്‍ തന്നെ ഇവിടുത്തെ മുഴുവന്‍ കടകളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇവര്‍ ഒരേ നാട്ടുകാരായതിനാലും ജോലിക്കായി പുറത്ത് പോകാത്തതിനാലും ഉത്തരേന്ത്യയില്‍ നിന്നു വന്ന വാഹനങ്ങളില്‍ നിന്നാവാം കോവിഡ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. രോഗം പിടിപ്പെട്ടയാള്‍ കോളനിയുമായി ബന്ധപ്പെട്ടതിനാല്‍ സമ്പര്‍ക്ക വ്യാപനത്തിന്റെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: