കൊല്ലം: സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം ജില്ലയെ ആശങ്കയുടെ മുള്‍മുനയിലാക്കുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 79 പേരില്‍ 71 പേരും സമ്പര്‍ക്കരോഗികളാണ്. ആദ്യമായി സമ്പര്‍ക്കരോഗികളെ കണ്ടെത്തിയത് ഈ മാസം 9നാണ്. അഞ്ചുപേരായിരുന്നു രോഗികള്‍. ഇന്നലെ 71ഉം. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 269 ആയി. ആരോഗ്യവിഭാഗത്തിന്റെ കണക്ക് പ്രകാരം അഞ്ചാം ദിവസമായ 13ന് രോഗികള്‍ 47 ആയിരുന്നെങ്കില്‍ പത്താം ദിവസമായ 18ന് 137ലേക്കെത്തി. അഞ്ചുദിവസം കൊണ്ട് 90പേര്. വര്‍ധനവിന്റെ തോത് നേരെ ഇരട്ടി. അടുത്ത രണ്ട് ദിവസം പിന്നിട്ടത് ഇന്നലെ.
പത്താംദിനത്തിലെ എണ്ണം 12-ാം ദിനത്തില്‍ മൂന്നിരട്ടി വര്‍ധിച്ച് 269 ആയി. സമ്പര്‍ക്കത്തിന്റെ രൂക്ഷതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ആകെ പ്രതിദിന ശരാശരി 22.4 പേര്. ക്ലോസ്ഡ് സമ്പര്‍ക്ക വിഭാഗത്തില്‍പ്പെട്ട ബിഎസ്എഫ് ജവാനും (തമിഴ്നാട്) കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവരാണ് ഇന്നലെ രോഗികള്‍. വിദേശത്ത് നിന്നും എത്തിയ അഞ്ചുപേരില്‍ മൂന്നുപേര്‍ യുഎഇയില്‍ നിന്നും രണ്ടുപേര്‍ ഖത്തറില്‍ നിന്നുമാണ്. രണ്ടുപേരുടെ ഉറവിട വിശദാംശങ്ങള്‍ ലഭ്യമല്ല.
19ന് 75 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 18ന് 53 പേര്‍ക്കും. നിലവില്‍ ആകെ രോഗബാധിതര്‍ 467 പേരാണ്. ഇന്നലെ 12 പേര് രോഗമുക്തി നേടി. 8181 പേര് ആകെ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍- 742. ആകെ 7749 പേര് കരുതല്‍ നിരീക്ഷണത്തിലുണ്ട്. 600 പേരാണ് ഇന്നലെ ഗൃഹനിരീക്ഷണത്തിലായത്. 90 പേര് ആശുപത്രി നിരീക്ഷണത്തിലായി. ആകെ 23,089 സാമ്പിളുകള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ 4,336 പേരും സെക്കന്‍ഡറി സമ്പര്‍ക്കത്തില്‍ 1,604 പേരുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: