കരുനാഗപ്പള്ളി: ഇന്നലെ നടത്തിയ സ്രവ പരിശോധനയില്‍ നാലുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പാട് തീരം കടുത്ത ആശങ്കയില്‍. കഴിഞ്ഞ ദിവസം 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ നാലുപേരുടെ പരിശോധനാഫലം പോസിറ്റീവായതോടെ ആകെ രോഗികളുടെ എണ്ണം 22 ആയി.
കരുനാഗപ്പള്ളിയില്‍ ഞായറാഴ്ച അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആലപ്പാട് 14-ാം വാര്‍ഡിലെ സമ്പര്‍ക്കപട്ടികയില്‍ 120 പേരെയും കരുനാഗപ്പള്ളി നഗരസഭയില്‍ 100 പേരെയും സ്രവ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അഴീക്കലില്‍ ആന്ധ്രാ സ്വദേശിക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് 265 പേരെ പരിശോധിച്ചതില്‍ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവായി.
കരുനാഗപ്പള്ളിയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണവും വര്‍ധിച്ചു. ഇതോടെ പരിശോധനാ കിറ്റുകള്‍ ആവശ്യത്തിനില്ല എന്ന പരാതി ഉയരുകയാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ പരിശോധിക്കുന്നതിന് താമസം നേരിടുന്നതായും ആക്ഷേപമുയരുന്നു.
ഇതിനിടെ കരുനാഗപ്പള്ളി ഫിഷറീസ് ടെക്നിക്കല്‍ സ്കൂള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി പ്രഖ്യാപിച്ചു. അതിനുള്ള സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചുവരുന്നു. 250 കിടക്കകളാണിവിടെ ഒരുക്കുന്നത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: