കൊട്ടാരക്കര: കൊട്ടാരക്കരയും സമൂഹവ്യാപനഭീതിയില്‍. ഇന്നലെ ആദ്യ പരിശോധനയില്‍ 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക അറിയിപ്പില്‍ എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും റാപ്പിഡ് ടെസ്റ്റില്‍ കൂടുതല്‍ പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും.
മുസ്ലിംസ്ട്രീറ്റ്, അവണൂര്‍, വെട്ടിക്കവല പഞ്ചായത്തില്‍പെടുന്ന തലച്ചിറ ഭാഗങ്ങളിലാണ് കൂടുതല്‍പേര്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം നടത്തിയ മുന്നൂറുപേര്‍ ഇന്നലെ സ്രവ പരിശോധന നടത്തി. ഇതിന്റെ പകുതിയില്‍ താഴെ മാത്രമേ ആദ്യ പരിശോധാ ഫലം പുറത്തുവിട്ടിട്ടുള്ളൂ. മത്സ്യ വ്യാപാരികളടക്കമുള്ളവര്‍ക്ക് രോഗം പടര്‍ന്നതാണ് വ്യാപനത്തിന് കാരണമായത്. മുസ്ളീം സ്ട്രീറ്റില്‍ അതീവസുരക്ഷാ മേഖലയായി തരംതിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരസഭയില്‍ റെഡ് സോണ്‍ കണ്ടൈന്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. കൊട്ടാരക്കരയില്‍ കൂടുതല്‍പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ പി. ഐഷാപോറ്റി എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു.
താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. കൊട്ടാരക്കര സത്യസായി ആശുപത്രിയോട് ചേര്‍ന്നുള്ള നഴ്സിംഗ് കോളേജും പുലമണ്‍ ബ്രദറന്‍ ഹാളും കലയപുരം മാര്‍ ഇവാനിയോസ് സ്കൂളും കൊവിഡ് ഫസ്റ്റ് ട്രീറ്റ്മെന്റ് സെന്ററാക്കി ഉടന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: