തിരുവനന്തപുരം: മഹാരാഷ്ട്രയിലടക്കം കൊറോണ വ്യാപനവും മരണവും കുറയുമ്പോള്‍ കേരളത്തില്‍ രോഗ വ്യാപന ഭീതി. കുറഞ്ഞയളവിലുള്ള പരിശോധനയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും കൃത്യമായ ഏകോപനമില്ലായ്മയും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കി.
സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലാകേണ്ട അവസ്ഥ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊറോണ പടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇരുപതു ദിവസത്തിനിടെ 120തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ഡോക്ടര്‍മാരടക്കം 350തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും കൂട്ടിരിപ്പുകാരും അടക്കം മുപ്പതിലധികം പേര്‍ക്കും രോഗം പകര്‍ന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. ഒരു മാസം മുന്‍പ് കൊറോണ വാര്‍ഡില്‍ ജോലിചെയ്ത പിജി ഡോക്ടര്‍ക്ക് രോഗ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയെയും മറ്റൊരു ഡോക്ടറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം മെഡി. കോളേജിലെ ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന നേത്ര വിഭാഗം അടച്ചു. അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേര് നിരീക്ഷണത്തിലാണ്. തൃശ്ശൂര്‍ മെഡി. കോളേജില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 25 ഡോക്ടര്‍മാരും 55 ജീവനക്കാരും നിരീക്ഷണത്തിലായി. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം വാര്‍ഡ് അടച്ചു. നഴ്സിന് രോഗം സ്ഥിരീകരിച്ചതാണ് കാരണം. സംസ്ഥാനത്തുടനീളം പല സ്വകാര്യ ആശുപത്രികളും പൂര്‍ണമായും അടച്ചിടേണ്ടിവരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിപിഇ കിറ്റുകള്‍ നല്‍കണമെന്ന ആവശ്യം തുടക്കം മുതലുണ്ട്. എന്നാല്‍ കൊറോണ വാര്‍ഡില്‍ മാത്രമാണ് ഇപ്പോള്‍ ഇത് നല്‍കുന്നത്.
രോഗികളുടെ എണ്ണം പതിനായിരം കഴിഞ്ഞതോടെ 1.38 ലക്ഷം കിടക്കകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞത് കള്ളമാണെന്നു തെളിഞ്ഞു. 1459 സര്‍ക്കാര്‍ ആശുപത്രികളിലും 873 സ്വകാര്യ ആശുപത്രികളിലുമായി 1.38 ലക്ഷം കിടക്കകള്‍, 7453 ഐസിയു കിടക്കകള്‍, 3375 വെന്റിലേറ്ററുകള്‍ എന്നിവ ഒരുക്കി എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ രോഗികളെ കൂട്ടത്തോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് അയയ്ക്കുകയാണ്. ഈ സെന്ററുകളില്‍ 5500 കിടക്കകള്‍ സജ്ജീകരിക്കുമെന്ന് പറഞ്ഞിട്ട് അതും പൂര്‍ത്തിയായിട്ടില്ല. ഇവിടങ്ങളില്‍ മതിയായ സൗകര്യവുമില്ല. 30 പേര്‍ക്ക് ഒരു ടോയ്ലെറ്റാണുള്ളത്. 2.5ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന് സൗകര്യമുണ്ടെന്ന് പറഞ്ഞെങ്കിലും ഒരു ലക്ഷം പേരെത്തിയപ്പോള്‍ എല്ലാവരെയും വീട്ടിലേക്ക് അയക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: