കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സംസ്ഥാനത്ത് നിന്ന് ഒളിച്ചു കടക്കാനുള്ള ശ്രമത്തിനിടെ ജുവല്ലറി ഉടമയെ ഏല്‍പ്പിച്ച ബാഗിലെ പണം കാണാതായെന്ന് ആരോപണം. കേസില്‍ സ്വപ്നയ്ക്കും സന്ദീപിനും നേരെ അന്വേഷണം നീണ്ടതോടെ ഇരുവരും സംസ്ഥാനം വിടാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലെ മുന്‍ ജുവല്ലറി ഉടമയെ 40 ലക്ഷം രൂപ അടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയായിരുന്നു.
ഈ ബാഗ് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ 14 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി 26 ലക്ഷം രൂപ കാണാനില്ലായിരുന്നു. ബാക്കി 26 ലക്ഷം രൂപ എവിടെയാണ് അപ്രത്യക്ഷമായതെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനു വേണ്ടി അന്വേഷണം നടത്തി വരികയാണ്. സ്വകാര്യ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സ്വപ്നയും കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമ. വാര്‍ത്താ ചാനലുകള്‍ക്കു കൈമാറാനുള്ള ശബ്ദരേഖയും സ്വപ്ന ഇയാളെയാണ് ഏല്‍പിച്ചതെന്നാണു സൂചന. സരിത്ത് അറസ്റ്റിലാവുകയും കേസന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ബാഗ് വീട്ടിലെത്തിയത്. ജുവല്ലറി ഉടമയെ അന്വേഷണസംഘം ചോദ്യം ചെയ്യും. അതേസമയം സരിത്തിന്റെ വീട്ടില്‍ ഈ ബാഗ് വെയ്ക്കുന്നതിന് മുമ്പ് ഇതിലുള്ള പണം സ്വര്‍ണം ഇടപാടുമായി ബന്ധപ്പെട്ട് ആരെങ്കിലും അത് എടുത്തിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
അതേസമയം കേസില്‍ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായും റിപ്പോര്‍ട്ടുകള്‍. സ്വപ്ന ഇതിനുമുമ്പ് എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത് സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റിന്റെ ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര സംഘം ചോദ്യം ചെയ്തതോടെയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ച ദിവസങ്ങളില്‍ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനും മുന്‍ ഡിജിപിയും സ്വപ്നയ്ക്കു വേണ്ടി ക്രൈംബ്രാഞ്ച് ഉന്നതരെ നിരന്തരം ഫോണില്‍ വിളിച്ചത് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ സാറ്റ്സില്‍ ഇവരുടെ കാലത്തു നടന്ന നിയമനങ്ങളും മറ്റും എന്‍ഐഎ വിശദമായി പരിശോധിക്കുമെന്നും സൂചനയുണ്ട്. അതിനിടെ സ്വപ്നയും സരിത്തുമായി യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്മാന് ജയഘോഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായും സ്വര്‍ണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോള്‍ വാങ്ങാന്‍ പോയ വാഹനത്തില്‍ ഇരുവര്‍ക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എന്‍ഐഎ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: