മൂലമറ്റം: സംസ്ഥാനത്തെമ്പാടും രോഗം വ്യാപിച്ചപ്പോഴും കൊറോണയില്‍ നിന്ന് ഒരു പരിധിവരെ പിടിച്ച് നിന്നിരുന്നു മലയോര ജില്ലയായ ഇടുക്കി. ആദ്യ കേസ് മാര്‍ച്ച് 15ന് ആണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഉറവിടമറിയാതെ രോഗം ബാധിച്ച രാഷ്ട്രീയ പ്രവര്‍ത്തകനിലൂടെ സംസ്ഥാന ശ്രദ്ധ നേടിയെങ്കിലും ജൂണ്‍ വരെ 150ല്‍ താഴെ കേസുകള്‍ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്.
ജില്ലയിലാകെ 404 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 119 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 284 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 20 ദിവസത്തിനിടെ രോഗികളുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായി. 305 പേര്‍ക്കാണ് ഈ മാസം മാത്രം രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം 193 പേര്‍ക്കാണ് രോഗം ബാധിച്ചുവെന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. ഇതില്‍ 107 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, 42 പേരുടെ ഉറവിടം വ്യക്തമല്ല. കൊറോണ ബാധിച്ച് ഇതുവരെ മൂന്നുപേര്‍ മരിച്ചെങ്കിലും ഒരാളുടെ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എവിടെ നിന്ന് രോഗം വരുന്നുവെന്നത് കൂടി കണ്ടെത്താനാകാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിലാണ്. വണ്ണപ്പുറം, മൂന്നാര്‍, വാഴത്തോപ്പ്, കഞ്ഞിക്കുഴി, രാജാക്കാട് പഞ്ചായത്തുകളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇതില്‍ ഏറ്റവും ആശങ്ക ഉണ്ടാക്കുന്നത് രാജാക്കാടാണ്. ഉറവിടമറിയാത്ത കൂടുതല്‍ കേസുകള്‍ ഇവിടെയാണ്.
പിന്നോക്ക ജില്ലയെന്ന നിലയില്‍ സര്‍ക്കാര്‍ അവഗണിക്കുന്നതും തിരിച്ചടിയാണ്. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വലിയ പ്രശ്നമാണ്. മിക്ക ആശുപത്രികളിലും പാതിയില്‍ താഴെ മാത്രമാണ് നിലവില്‍ നഴ്സുമാരുടെ പോലും എണ്ണം. നിരവധി ആശുപത്രികള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് അടക്കം രോഗവും സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: