തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ അതിമനോഹര ചരിത്ര നിര്‍മിതിയാണ് ഹഗ്ഗിയ സോഫിയ. ഒരു ക്രൈസ്തവ ദേവാലയമായി എ.ഡി. 537 ല്‍ നിര്‍മിക്കപ്പെടുകയും പില്‍ക്കാലത്തു മ്യൂസിയമായി മാറുകയും ചെയ്ത, പ്രദേശവാസികളും ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളും ആയാ സോഫിയ എന്ന് വിളിക്കുന്ന, ഈ കെട്ടിടത്തെ ഒരു മുസ്ലിം പള്ളിയാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടിരിക്കുകയാണ് തുര്‍ക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്‍. പ്രധാനമന്ത്രിയായും പി ന്നെ ഭരണഘടനാ ഉടച്ചുവാര്‍ക്കലിലൂടെ പ്രസിഡന്റായും മാറിയ എര്‍ദോഗാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ് മെന്റ് പാര്‍ട്ടിയും അതിതീവ്ര ഇസ്ലാമിക നിലപാ ടുകളും അന്യമത ദ്വേഷവുമാണ് പിന്തുടരുന്നത്. ആഗോള ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെ അപ്പോസ്തലന്മാരായ ഇസ്ലാമിക് ബ്രദര്‍ ഹുഡിനോട് ആശയപരമായ ഐക്യദാര്‍ഢ്യം പ്രഖ്യാപി ക്കുന്ന എര്‍ദോഗന്റെയും പാര്‍ട്ടിയുടെയും പല നടപടികളും രാജ്യാന്തര തലത്തില്‍ത്തന്നെ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
ആദ്യം ഏഷ്യ മൈനര്‍ എന്നും ഇസ്ലാമിക അധിനിവേശത്തിനു ശേഷം തുര്‍ക്കി എന്നും വിളിക്കപ്പെട്ട ഈ രാജ്യത്തിലെ ഓരോ നഗരത്തിനും ലോകചരിത്രത്തില്‍ തന്നെ അസാധാരണമാം വിധം പ്രാധാന്യമുണ്ട്. എഡി 537 ല്‍ കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ദേശത്ത് അന്നത്തെ ബൈസന്റൈന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്‍ പണികഴിപ്പിച്ചതാണ് ഹഗ്ഗിയ സോഫിയ. ലോകത്തെ ആദ്യത്തേതും നിര്‍മാണകാലയളവ് മുതല്‍ നൂറ്റാണ്ടുകളോളം ഏറ്റവും വലിയ കത്തീഡ്രലുമായി നിലനിന്ന ഈ സ്മാരകം ബൈസന്റൈന്‍ വാസ്തുവിദ്യയുടെ ഔന്നത്യം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തും. തുടര്‍ന്ന് വന്ന ബൈസന്റൈന്‍ ചക്രവര്‍ത്തിമാര്‍ ഏകദേശം 900 വര്‍ഷക്കാലം അതിനെ ഒരു ക്രിസ്ത്യന്‍ പള്ളിയായി സംരക്ഷിച്ചു പോന്നു.
ക്രൈസ്തവര്‍ക്ക് ഹഗ്ഗിയ സോഫിയ കേവലമൊരു പള്ളി മാത്രമല്ല, വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ഉത്തുംഗതയുടെയും ദിഗ്വിജയത്തിന്റെയും ചിഹ്നം തന്നെയായിരുന്നു. പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ലോകവിജയികളായ ചക്രവര്‍ത്തിമാര്‍ അവരുടെ മതപരവും രാഷ്‌ട്രീയപരവുമായ രാജശാസനങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് ഹഗ്ഗിയ സോഫിയയുടെ വിശാലവും പരിപാവനവുമായ തിരുമുറ്റത്തുനിന്നാണ്. ഒരര്‍ത്ഥത്തില്‍ അവരുടെ എല്ലാ അധികാരത്തിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും കേന്ദ്രം ഇവിടമായിരുന്നു. അന്നത്തെ ഓര്‍ത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനം കൂടിയായിരുന്നു. യേശുക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും പരിലാളനയും തിരു ദിവ്യദൃഷ്ടിയും ലഭിക്കുന്ന വിശുദ്ധ ദേവാലയമാണ് ഹഗ്ഗിയ സോഫിയ എന്നൊരു വിശ്വാസം യൂറോപ്പിലാകമാനം അതിനൊരു പുണ്യകേന്ദ്രത്തിന്റെ പരിവേഷം സൃഷ്ടിച്ചിരുന്നു. ലാറ്റിന്‍ ഭാഷയില്‍ ഇതിനു സാന്‍ക്ട സോഫിയ അഥവാ ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം എന്നാണ് പേര്.
1453 ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ചു ക്രിസ്ത്യന്‍ ബൈസന്റൈന്‍ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്റൈനെ പരാജയപ്പെടുത്തി. ഭരണമേറ്റ മെഹ്മത് രണ്ടാമന്‍ രാജാവ് അവിടം തീവ്രമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കി. എല്ലായിടത്തും അധിനിവേശകര്‍ ചെയ്യുന്നത് പോലെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പേര് ഇസ്താംബൂള്‍ എന്നാക്കി മാറ്റുകയും ഹഗ്ഗിയ സൊഫിയ മസ്ജിദാക്കി പുനര്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. അതേവരെ ക്രൈസ്തവ ദേവാലയമായിരുന്ന ആ മഹോന്നത സൗധം മുസ്ലിം പള്ളിയായി മാറി. യൂറോപ്പിനുമേല്‍ തങ്ങളുടെ ആധിപത്യവും അധിനിവേശവും നടക്കണമെങ്കില്‍ ക്രൈസ്തവരുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമായ ഹഗ്ഗിയ സൊഫീയ തകരണമെന്ന് അധിനിവേശ സൈന്യത്തിനറിയാമായിരുന്നു. ഇതിനായി തുര്‍ക്കി രാജാവായിരുന്ന സുല്‍ത്താന്‍ മെഹ്മെദ്, ഹഗ്ഗിയ സോഫിയയെ തന്റെ സ്വകാര്യ സ്വത്തായി വിജ്ഞാപനം ചെയ്തു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ ഈ ക്രൈസ്തവ ദേവാലയം റോമന്‍ ചക്രവര്‍ത്തിമാരുടെ രാജകീയ സ്വത്തായിരുന്നു അതിനാല്‍ പുതിയ രാജാവിന്റെയും സ്വകാര്യസ്വത്തായിരിക്കും ഇവിടം എന്നൊരു തൊടുന്യാ യവും പറഞ്ഞു. യൂറോപ്യന്‍ രാജാക്കന്മാരുടെ മേല്‍ മാനസിക വിജയം സ്ഥാപിക്കാനും മതത്തെ മുന്‍നിര്‍ത്തി തന്റെ ആധിപത്യം ഉയര്‍ത്തി നിര്‍ത്താനും മെഹ്മദിന് അത് അനിവാര്യമായിരുന്നു. കുരിശുയുദ്ധങ്ങളും ക്രൈസ്തവ മത ശാസനകളും പ്രഖ്യാപിക്കപ്പെട്ട ഹഗ്ഗിയ സോഫിയയുടെ അങ്കണത്തില്‍ നിന്ന് ബാങ്ക് വിളികള്‍ ഉയരുന്നത് ആശയപരമായ മേല്‍ക്കൈയ്യും മാനസികമായ വിജയവുമാണ് മുസ്ലിം സൈന്യത്തിന് സമ്മാനിച്ചത്.
എന്തായാലും ഹഗ്ഗിയ സോഫിയയിലെ ക്രൈസ്തവ ബിംബങ്ങള്‍ തകര്‍ക്കപ്പെടുകയോ മറക്കപ്പെടുകയോ ചെയ്തു. കെട്ടിലും മട്ടിലും അതൊരു മസ്ജിദായി മാറി. തുടര്‍ന്ന് അഞ്ഞൂറോളം വര്‍ഷം അതൊരു മുസ്ലിം പള്ളിയായി തന്നെ നിലനില്‍കുകയും തുര്‍ക്കിയുടെ ഇസ്ലാമികവല്‍ക്കരണത്തിന്റെ ദൃക്‌സാക്ഷിയാവുകയും ചെയ്തു.അതിനിടയില്‍ ഓട്ടോമന്‍ സാമ്രാജ്യം സ്വയം കാലിഫേറ്റ് പ്രഖ്യാപിച്ചു. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ജര്‍മ്മന്‍ കൈസര്‍, ഓസ്ട്രിയ- ഹങ്കറി എന്നിവക്കൊപ്പം ഓട്ടോമന്‍ സാമ്രാജ്യവും കൂട്ടു ചേര്‍ന്നു. അന്നത്തെ തുര്‍ക്കി ഖലീഫ മെഹ്മത് ആറാമന്‍ ബ്രിട്ടന്‍ ഫ്രാന്‍സ് റഷ്യ തുടങ്ങിയ എതിരാളികള്‍ക്കെതിരെ ജിഹാദ് നടത്താന്‍ ലോക മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയും തുര്‍ക്കിയും പരാജയപ്പെട്ടു. ബ്രിട്ടന്‍ ഖലീഫയെ തലസ്ഥാനത്തു നിന്ന് നീക്കം ചെയ്തു.ബിട്ടന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ലോകവ്യാപകമായി ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍ തുടങ്ങിയ കലാപമാണ് ഖിലാഫത്. ഇത് കേരളത്തില്‍ – മലബാറില്‍ ഹിന്ദു വിരുദ്ധമാകുകയും ഹിന്ദു വംശഹത്യയില്‍ കലാശിക്കുകയും ചെയ്തു).തുടര്‍ന്ന് 1922 മുതല്‍ 1924 വരെ നിരവധി നാടകീയ നീക്കങ്ങളിലൂടെ തുര്‍ക്കി ഒരു റിപ്പബ്ലിക് ആയി മാറി. അധികാരം പിടിച്ചെടുത്ത മുസ്തഫാ കമാല്‍ പാഷ എന്നേക്കുമായി കാലിഫേറ്റ് നിര്‍ത്തലാക്കി. ഓട്ടോമന്‍ ഖലീഫ എന്ന പദവി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. സ്വന്തം നാട്ടില്‍ തിരിച്ചടിയേറ്റതോടെ പ്രസക്തി നഷ്ടപ്പെട്ട ഖിലാഫത് പ്രസ്ഥാനം കെട്ടടങ്ങി
രാജ്യത്തെ പാന്‍ ഇസ്ലാമിക ശക്തികളെക്കുറിച്ചു ബോധവാനായിരുന്നു മുസ്തഫാ കമാല്‍ പാ ഷ അവയില്‍ നിന്ന് രാജ്യത്തെയും ജനതയെയും രക്ഷപെടുത്തുവാനും യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍ക്കിക്ക് പുരോഗമന മുഖം നല്‍കുവാനും മതേതര നിലപാടുകളുമായി മുന്നോട്ടു പോയി. 1934-ല്‍ തന്റെ പ്രസിഡന്‍ഷ്യല്‍ ഡിക്രിയിലൂടെ അദ്ദേഹം ഹഗ്ഗിയ സോഫിയയെ ദേശീയ മ്യൂസിയമാക്കി മാറ്റി.അന്ന് മുതല്‍ ഇന്ന് വരെ അത് അങ്ങിനെ തന്നെ നിലനില്‍ക്കുകയും രാജ്യാന്തര പൈതൃക സ്ഥാനം എന്ന നിലയില്‍ യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. തുര്‍ക്കി /ഇസ്താംബൂ ള്‍ സന്ദര്‍ശിക്കുന്ന ഒരു സഞ്ചാരിയെ ഏറ്റവും ആകര്‍ഷിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും ഈ നിര്‍മിതിയാണ്. അതിനുള്ളില്‍ യേശുക്രിസ്തുവിന്റെയും വ്യാകുല മാതാവിന്റെയും കുരിശിന്റെയും കുരിശാരോഹണത്തിന്റെയും നിരവധി ചിത്രങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.
ദി പെര്‍മനന്റ് ഫൗണ്ടേഷന്‍ സര്‍വീസസ് ടു ഹിസ്റ്റോറിക്കല്‍ ആര്‍ടിഫാക്ട് ആന്‍ഡ് എന്‍വയണ്‍മെന്റ് എന്ന പരിസ്ഥിതി മുഖമൂടിയിട്ട ഒരു ഫണ്ടമെന്റലിസ്റ്റ് എന്‍ ജി ഓ, തുര്‍ക്കിയിലെ പരമോന്നത കോടതിക്ക് മുന്‍പാകെ ഹഗ്ഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയ കമാല്‍ പാഷയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജി നല്‍കി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയില്‍ നിന്ന് ഓട്ടോമന്‍ സുല്‍ത്താന്‍, പിടിച്ചെടുത്തെങ്കിലും അത് സുല്‍ത്താന്റെ വഖഫ് സ്വത്തുക്കളില്‍ പെടുത്തിയിരുന്നു എന്ന് നിരീക്ഷിച്ച കോടതി ആ കാരണം കൊണ്ട് കമാല്‍ പാഷയുടെ ഉത്തരവ് നിലനില്‍ക്കില്ല എന്ന് വിധിച്ചു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്ന രീതിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു പരാമര്‍ശം കാത്തിരുന്ന എര്‍ദോഗാന്‍ ആ മഹത്തായ മാനവ സ്വത്തിനെ മസ്ജിദാക്കി പു നര്‍ വിജ്ഞാപനം ചെയ്തു. 2020 ജൂലൈ 24 വെള്ളിയാഴ്ച ആദ്യത്തെ പ്രാര്‍ത്ഥനയ്‌ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശവും വന്നു കഴിഞ്ഞു. ഇസ്ലാമിന്റെ പേരില്‍ എര്‍ദോഗന്‍ നടത്തിയ ഈ അതിക്രമം അന്താരാഷ്‌ട്ര തലത്തില്‍ വന്‍ പ്രതിഷേധം വിളിച്ചു വരുത്തി. ഹഗ്ഗിയ സോഫിയയുടെ നിലവിലെ പദവി മാറ്റുന്നതിനെതിരെ യുനെസ്‌കോ രംഗത്തു വന്നു. ലോകപൈതൃക പട്ടികയില്‍ പെട്ട ഈ സ്മാരകം തല്‍സ്ഥിതിയില്‍ തുടരണം എന്നാണ് യുനെസ്‌കോയുടെ ആവശ്യം. അമേരിക്ക റഷ്യ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഞെട്ടലും പ്രതിഷേധവും പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്‍പത് നൂറ്റാണ്ട് തങ്ങള്‍ ആരാധന നടത്തിയ ആ പള്ളിയെ ഇങ്ങിനെ മാറ്റുന്നതില്‍ ലോക ക്രൈസ്തവ സഭകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.
എര്‍ദോഗന്റെ ലക്ഷ്യം പുതിയ കാലിഫേറ്റ്
1922 ല്‍ മുസ്തഫ കമാല്‍ , ഓട്ടോമന്‍ ഖലീഫയെ നീക്കം ചെയ്തപ്പോഴാണ് ഇസ്ലാമിക ലോകത്തിന്റെ ഭരണവും അധ്യക്ഷപദവിയും തുര്‍ക്കിക്ക് നഷ്ടമായത്. അതിനു 100 വര്‍ഷം തികയുമ്പോള്‍ ഖലീഫാ പദവി പുനഃസ്ഥാപി ക്കുകയും നഷ്ടമായ നേതൃപദവി തിരിച്ചു പി ടിക്കുകയുമാണ് എര്‍ദോഗന്റെ പദ്ധതി. ‘ദിറിലീസ് എര്‍ത്തുഗ്രുല്‍’ എന്ന പേരില്‍ കടുത്ത ഇസ്ലാമിക ഫണ്ടമെന്റലിസം പ്രചരിപ്പിക്കുന്ന ഒരു ടിവി സീരീസ് തുര്‍ക്കിയില്‍ വന്‍ പ്രദര്‍ശന വിജയവും ജന പിന്തുണയും നേടുകയുണ്ടായി.ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ മഹത്വത്തെ പര്‍വ്വതീകരിക്കുന്ന ഈ സീരീസ് എര്‍ദോഗന്റെയും പാര്‍ട്ടിയുടെയും പ്രചാരണങ്ങള്‍ക്കനുസൃതമായി ജനങ്ങളെ വഴിതെറ്റിക്കുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ എര്‍ത്തുഗ്രുല്‍ ഖാസി എന്ന പേരില്‍ ഇതിന്റെ ഉറുദു മൊഴിമാറ്റം പ്രചരിക്കുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ ടിവി ഷോ നിര്‍ബദ്ധമായും കാണണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുക പോലുമുണ്ടായി.
എര്‍ത്തുഗ്രുല്‍ എന്ന പദത്തിന്റെ അര്‍ഥം പു നരുത്ഥാനം അഥവാ ഉയിര്‍ത്തെഴുനേല്‍പ് എന്നാണ്. ഇസ്ലാമിക് ബ്രദര്‍ ഹുഡിന്റെ ലോകവ്യാപകമായ കണ്ണികള്‍ ടി വി, സിനിമ എന്നീ മാധ്യമങ്ങളെ ഉപയോഗിച്ച് മത പ്രചാരണവും തങ്ങളുടെ ആശയങ്ങളും കടത്തുന്നതിന്റെ കഌസിക് ഉദാഹരണമായി ഈ സീരീസ് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന നിരവധി ഉത്പന്നങ്ങള്‍ ഈ പദ്ധതിയുടെ ഫലമായി ഉണ്ടാകുന്നുണ്ട്.അടുത്ത കാലത്തായി കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ‘വാരിയന്‍ കുന്നന്‍ ‘ ഉള്‍പ്പടെ പല സിനിമകളും സംശയത്തിന്റെ നിഴലിലാകുന്നത് ഇതുകൊണ്ടാണ്. ഈ ടിവി സീരീസ് ഒരുക്കിയിട്ട നിലത്തിലാണ് എര്‍ദോഗന്റെ പുതിയ പ്രകടനം. 2023 ല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തിലുള്ള കൂടുതല്‍ നടപടികള്‍ എര്‍ദോഗന്റെ ഭാഗത്തു നിന്നുണ്ടാകും എന്ന് ലോകം ഭയപ്പെടുന്നുമുണ്ട്. ആദ്യം ക്രിസ്ത്യന്‍ പള്ളിയും പിന്നീട് മ്യൂസിയവുമായിരുന്ന ഈ സ്മാരകത്തെ പിടിച്ചെടുത്തു മറ്റൊരു മതാചാരം നടപ്പിലാക്കുവാന്‍ ഉത്തരവിട്ട നടപടിയിലൂടെ ക്രൈസ്തവ വിശ്വാസികള്‍ക്കും ലോക മതേതരത്വത്തിനും എര്‍ദോഗാന്‍ നല്‍കുന്ന സന്ദേശം ഭീഷണിയുടേതാണ്.’ഹഗ്ഗിയ സോഫിയ എന്താവശ്യത്തിനുപയോഗിക്കണം എന്ന തീരുമാനം തുര്‍ക്കിയുടെ പരമാധികാരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു’ എന്നാണ് ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു എര്‍ദോഗാന്‍ മറുപടി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: