വിക്ടോറിയ (സ്പെയിന്): ലാ ലിഗയില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള കിരീടം ബാഴ്സലോണയുടെ ലയണല്‍ മെസിക്ക് . ഏഴാം തവണയാണ് മെസി ഗോളടിയില്‍ മുന്നിലെത്തുന്നത്. ഇത് റെക്കോഡാണ്. ആറു തവണ മുന്നിലെത്തിയ അത്ലറ്റിക്കോ ബില്‍ബാവോ താരം ടെല്‍മോ സാറയുടെ റെക്കോഡാണ് തകര്‍ന്നത്.
ഈ സീസണിലെ അവസാന മത്സരത്തില്‍ ഡിപോര്‍ട്ടിവോ അലാവസിനെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെ മെസി മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ 25 ഗോളുമായി ഒന്നാം സ്ഥാനത്തെത്തി. മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ബാഴ്സലോണ വിജയിച്ചു.
ലാ ലിഗ കിരീടം ചൂടിയ റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സേമയെ പിന്തള്ളിയാണ് മെസി ഒന്നാംസ്ഥാനത്തെത്തിയത്. ലീഗന്സിനെതിരായ അവസാന മത്സരത്തില്‍ ഗോളടിക്കാന്‍ കഴിയാതെ പോയ ബെന്‍സേമയ്ക്ക് മൊത്തും 21 ഗോളുകളാണ് ഈ സീസണില്‍ നേടാനായത്. റയല്‍- ലീഗന്‍സ് മത്സരം സമനിലയായി 2-2.
തുടര്‍ച്ചയായ നാലാം തവണയാണ് മെസി ടോപ്പ് സ്കോറര്‍ക്കുള്ള കിരീടം സ്വന്തമാക്കുന്നത്. ഇതോടെ മെസി ഹ്യൂഗോ സാഞ്ചസിന്റെ റെക്കോഡിനൊപ്പം എത്തി. തുടര്‍ച്ചയായ മൂന്നാം സീസണിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് വഴിയൊരുക്കിയ താരവുമായി മെസി. ഈ സീസണില്‍ 21 ഗോളുകള്‍ക്ക് വഴിയൊരുക്കിയാണ് മെസി മുന്നിലെത്തിയത്.
വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഏപ്പോഴും രണ്ടാം സ്ഥാനമാണുളളത്. ലാ ലിഗ കിരീടത്തിനൊപ്പം ഈ നേട്ടങ്ങള്‍ സ്വന്തമാക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് മെസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: