തൃശൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്കിലെ തീരപ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷമാകുന്നു. ശ്രീനാരായണപുരം, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് കടലേറ്റം ശക്തമായിരിക്കുന്നത്. നിരവധി വീടുകളില്‍ വെള്ളം കയറി. ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എറിയാട് എംഐയുപി സ്കൂള്‍, ശ്രീനാരായണപുരം എം ഇ എസ് സ്കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുടങ്ങി. എറിയാട് പഞ്ചായത്തില്‍ മൂന്നു കുടുംബങ്ങളെയും ശ്രീനാരായണപുരം പഞ്ചായത്തില്‍ ശ്രീകൃഷ്ണ കോളനിയിലെ ആറ് കുടുംബങ്ങളെയുമാണ് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. പത്ത് വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും മാറി.
ശനിയാഴ്ച ഉച്ച മുതല്‍ ആരംഭിച്ച കടല്‍ക്ഷോഭത്തില്‍ എറിയാട് ആറാട്ടുവഴി മമ്പഉല്‍ ഉലൂം പള്ളി പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ കടലേറ്റ നാളുകളില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. എറിയാട് ഒന്നാം വാര്‍ഡിലെ കടപ്പുറത്തും ലൈറ്റ് ഹൗസ് കടപ്പുറത്തും വീടുകളില്‍ വെള്ളം കയറി. ലൈറ്റ് ഹൗസ് പരിസരത്തെ കടലിനോട് ചേര്‍ന്നുള്ള വീടുകളില്‍ നിന്ന് നേരത്തെ താമസക്കാര്‍ ഒഴിഞ്ഞു പോയിരുന്നു. ഈ ഭാഗത്ത് പുതുതായി ജിയോ ബാഗ് തടയണ സ്ഥാപിച്ചതിനാല്‍ കൂടുതല്‍ വീടുകളിലേക്ക് വെളളം കയറിയില്ല. എന്നാല്‍ തടയണയില്ലാത്ത ഭാഗങ്ങളില്‍ സ്ഥിതി ഗുരുതരമാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെ പ്രക്ഷുബ്ധമായ കടല്‍ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. അഴീക്കോട് ലൈറ്റ് ഹൗസ്, ചേരമാന്‍, മണപ്പാട്ടുച്ചാല്, എറിയാട് ചന്ത കടപ്പുറം, എടവിലങ്ങ് കാര പുതിയ റോഡ്, കാര വാക്കടപ്പുറം എന്നിവിടങ്ങളിലാണ് കടലേറ്റം ശക്തം. ശ്രീനാരായണപുരം പഞ്ചായത്തിന്റ ഇരുപത്തിയൊന്നാം വാര്‍ഡിലെ അറപ്പത്തോട് ഭാഗത്ത് ഞായറാഴ്ച ശക്തമായ കടലേറ്റമാണ് അനുഭവപ്പെട്ടത്. പ്രദേശത്ത് നിരവധി വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. ശ്രീകൃഷ്ണ ക്ഷേത്രവും കടലേറ്റത്തില്‍ വെള്ളം കയറിയ നിലയിലാണ്. അറപ്പത്തോട് ഭാഗവും കടല്‍ വെള്ളം കയറി നിറഞ്ഞ് ഒഴുകുകയാണ്.
നിരവധി വീടുകള്‍ കടലേറ്റത്തില്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്. ചിലയിടങ്ങളില്‍ ശക്തമായ തിരമാലയടിച്ച് ജിയോ ബാഗ് തടയണ ഇടിഞ്ഞു. ഇതിന് മുകളിലൂടെയാണ് കടല്‍വെള്ളം കരയിലേക്ക് ഒഴുകുന്നത്. തീരദേശ റോഡുകളും വെള്ളത്തിലായി. കടല്‍ക്ഷോഭം ചെറുക്കാന്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: