തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരം ശക്തിപ്പെടുത്തിയല്ല അടുത്ത തെരഞ്ഞെടുപ്പിനെ സര്‍ക്കാര്‍ നേരിടേണ്ടതെന്ന് മുഖ്യമന്ത്രിക്ക് താക്കീത് നല്കി സിപിഐ. സ്വന്തം പ്രകടന പത്രിക ബോധപൂര്‍വം മറന്നല്ല ഭരണം നടത്തേണ്ടതെന്നും ജനയുഗം ലേഖനത്തിലൂടെ സിപിഐ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു.
വന്‍കിട റിസോര്‍ട്ട് മാഫിയകള്‍, മണല്‍ക്കൊള്ള സംഘങ്ങള്‍ തുടങ്ങി ഊഹക്കച്ചവടക്കാര്‍ എല്ലാം ഇടതു പക്ഷ പ്രകടനപത്രികയ്ക്ക് അന്യമാണ്. ഇവര്‍ക്ക് സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല എന്ന് ബോധ്യമായതാടെയാണ് ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്തെങ്കിലും കാരണവശാല്‍ അവരുടെ വലയില്‍ വീണാല്‍ അതില്‍പ്പെട്ടവര്‍ തന്നെ ഉത്തരം പറയേണ്ടി വരുമെന്നു മുഖ്യമന്ത്രിയെ ഉന്നംവച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്കുന്നു. സ്വര്‍ണക്കടത്ത് കേസ് എല്‍ഡിഎഫ് സര്‍ക്കാരിന് ഉണ്ടാക്കിയ നാണക്കേടും ഐടി വകുപ്പിലെ അഴിമതിയും ലക്ഷ്യം വച്ചുള്ള രൂക്ഷ വിമര്‍ശനമാണ് ലേഖനത്തിലുടനീളം നടത്തിയിരിക്കുന്നത്.
പൊതു സമൂഹത്തില്‍ പിണറായിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് സിപിഐയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയം. കടലാസ് പ്രോജക്ടുകളുമായി ഭരണതലത്തെ സ്വാധീനിക്കാന്‍ ചിലര്‍ എത്തിയേക്കും. ഇവര്‍ക്ക് സര്‍ക്കാരിന്റെ പണമാണ് വേണ്ടത്. ആധുനിക മാരീചന്മാര് പലതരത്തില്‍ വരും. അധികാരത്തില്‍ ഇരിക്കുന്നവര്‍ ഇതിനെ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങള്‍ ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുന്നറിയിപ്പ് നല്കുന്നു.
സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതിനെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ചിലര്‍ക്ക് ടെന്‍ഡര്‍ ഇല്ലാതെ തന്നെ കരാര്‍ നല്കുന്നു. ചില സഹകരണ സൊസൈറ്റികളുമുണ്ട്. ഇവര്‍ കരാറുകള്‍ മറിച്ച് നല്കി കോടികള്‍ സമ്പാദിക്കുന്നു.
ഇതിനിടെ സ്പീക്കറെ പരിഹസിച്ച് സിപിഐ എംഎല്‍എ സി. ദിവാകരനും രംഗത്ത് വന്നു. സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പോകാന്‍ പാടില്ലായിരുന്നു. സാധാരണ മണ്ഡലങ്ങളിലെ പരിപാടികളില്‍ സ്പീക്കര്‍ പങ്കെടുക്കുമ്പോള്‍ എംഎല്‍എമാരോട് ചോദിക്കുമായിരുന്നു. സ്പീക്കര്‍ ചോദിച്ചില്ല. ചോദിച്ചെങ്കില്‍ പോകാന്‍ അനുവദിക്കില്ലായിരുന്നു. പെട്ടിക്കട ഉദ്ഘാടനത്തിനു സാധാരണ താന്‍ പോകാറില്ലെന്നും ദിവാകരന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: