കൊല്ലം: കോവിഡ് സമൂഹവ്യാപന പശ്ചാത്തലത്തില്‍ മത്സ്യവ്യാപാരം നിരോധിച്ചതോടെ കടുത്ത ദുരിതത്തിലാണ് ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. പരവൂര്‍ തെക്കുംഭാഗം മുതല്‍ കരുനാഗപ്പള്ളി വരെയുള്ള തീരത്തുള്ള മത്സ്യമാണ് ജില്ലയില്‍ വ്യാപകമായി വിറ്റുപോകുന്നത്. കടുത്ത നിയന്ത്രണങ്ങളായതോടെയാണ് ജില്ലയിലെ മീന്‍പിടിത്തവും വിപണനവും റദ്ദാക്കിയത്.
നീണ്ടകരയില്‍ സീസണാരംഭിച്ചതോടെ പലരും പണം കടംവാങ്ങി വള്ളങ്ങളും പുത്തന്വലകളും എന്‍ജിനുകളും വാങ്ങിയിരുന്നു. ഇവയെല്ലാം കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഷെഡ്ഡുകളിലേക്ക് ഒതുക്കി. ജില്ലയില്‍ മത്സ്യത്തൊഴിലാളികളായ പുരുഷന്മാരും മീന്‍കച്ചവടം ചെയ്യുന്ന സ്ത്രീത്തൊഴിലാളികളും ഉള്‍പ്പെടെ 25000 അംഗീകൃത ആളുകള്‍ ഉണ്ടെന്നാണ് ഫിഷറീസിന്റെ കണക്ക്. ലേലം വിളിക്കുന്നവര്‍, മീന്ചുമടെടുക്കുന്നവര്, ഐസ് വില്‍പ്പന, വള്ളം പണിയുന്നവര്‍, വല നെയ്യുന്നവര്‍ തുടങ്ങി വിവിധ അനുബന്ധ മേഖലകളിലായി രണ്ടായിരത്തിലേറെ പേരും പണിയെടുക്കുന്നുണ്ട്. ഇവരുടെ കുടുംബങ്ങളും വരുമാനമില്ലാതെ ദുരിതത്തിലാണ്.
സീസണ് ആരംഭിച്ചതോടെ വന്‍പ്രതീക്ഷകളുമായാണ് ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍നിന്ന് തൊഴിലാളികള്‍ മീന്പിടിത്തത്തിനെത്തിയത്. എന്നാല്‍, കോവിഡ് വ്യാപനം എല്ലാം തകര്‍ത്തു. മാര്‍ച്ച് മാസത്തില്‍ രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിപണനം ചെയ്യാന്‍ കഴിയാത്ത മീനുകളെല്ലാം ഉണക്കി സൂക്ഷിച്ചിരുന്നു. ഇവയെല്ലാം വിപണിയില്‍ എത്തിച്ചെങ്കിലും രോഗവ്യാപനം രൂക്ഷമായതോടെ ചന്തകളും അടച്ചു. ഇത് കൂനിന്മേല് കുരു എന്ന പോലെയായി.
മീന്‍പിടിത്തം തുടരാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വില്‍ക്കാനും സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആഴ്ചകളായി തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലാണ് തീരദേശവാസികള്‍. ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് പോലും സര്‍ക്കാരില്‍നിന്നും ലഭിക്കുന്നില്ല.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമായ തെക്കുംഭാഗത്തും കോങ്ങാലും രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ തീരദേശത്തെ ചില്ലയ്ക്കല്‍, പൊഴിക്കര, അഞ്ചലാപ്പീസ്, മണിയംകുളം, പുതിയകാവ്, തെക്കുംഭാഗം നേരുകടവ് എന്നീ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണാക്കണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: