കട്ടപ്പന: കാലവര്‍ഷം തകര്‍ത്തു പെയ്തതോടെ കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന നാടുകാണി പാറ കുളിച്ചൊരുങ്ങി.
പച്ചപ്പട്ടു വിരിച്ച ഗിരിശൃംഗങ്ങളും ഇടയ്ക്ക് ഓടിയെത്തുന്ന കോടമഞ്ഞും സദാസമയം ശക്തിയായി വീശുന്ന കാറ്റുമെല്ലാം വിനോദ സഞ്ചാരികളെ ഇവിടേക്ക് മാടി വിളിക്കുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതു മൂലം ഏറെ ദുരിതത്തിലാണ് നാടുകാണി. ഇവിടേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കു പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല.
കൊന്നത്തടി പഞ്ചായത്തിലെ ടൂറിസം വികസനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കാന് കഴിയുന്ന പ്രദേശമാണ് അധികൃതരുടെ അവഗണനയില്‍ നിര്‍ജീവമായിരിക്കുന്നത്. സ്വദേശിയരും വിദേശിയരുമായ നൂറുകണക്കിന് സഞ്ചാരികളാണ് ദിനം പ്രതി ഇവിടെ എത്തുന്നത്. കൊറോണ കാലമായതോടെ ഇവിടം ഇപ്പോള്‍ ശാന്തമാണ്.
നാടുകാണിയില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ വിനോദ സഞ്ചാര മേഖലയില്‍ അനന്ത സാധ്യതകളാണുള്ളത്. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹാരിത നിറഞ്ഞ പ്രദേശമാണ് പൊന്മുടിയോട് ചേര്‍ന്നുളള നാടുകാണി.
സമുദ്രനിരപ്പില്‍നിന്നും 3000ത്തിലധികം അടി ഉയരത്തിലാണ് നാടുകാണി മല. കൊന്നത്തടി യില്‍ നിന്ന് 7 കിലോമീറ്ററും രാജാക്കാടില്‍ നിന്നു 6 കിലോമീറ്ററും യാത്രചെയ്ത നാടുകാണിയില്‍ എത്തിച്ചേരുന്നവര്‍ക്ക് കാഴ്ചയുടെ വസന്തമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കുന്നുകയറിച്ചെന്നാല് വിശാലമായി പരന്നു കിടക്കുന്ന പാറയില്‍ വിശ്രമിക്കാം. സമീപ പഞ്ചായത്തുകളായ രാജാക്കാട്, അടിമാലി, മരിയാപുരം, കഞ്ഞിക്കുഴി തുടങ്ങിയവയുടെ പ്രകൃതിഭംഗി ആവോളം ആസ്വദിക്കുവാന്‍ കഴിയും ഇവിടെ നിന്നാല്‍. കൂടാതെ ചൊക്രമുടി, ആനമുടി തുടങ്ങിയ നിരവധി മലനിരകളും പൊന്മുടി ജലാശയവും പെരിയാറിന്റെ വശ്യ മനോഹാരിതയും ഇവിടെ നിന്ന് കാണാനാകും. പൊന്മുടി പ്ലാന്റേഷനാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: