കൊല്ലം: മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയല്ല, താന്‍ പാര്‍ട്ടിയെയാണ് ഉപേക്ഷിച്ചതെന്ന് ഗ്രന്ഥകാരനും ചിന്തകനുമായ പി. കേശവന് നായര്‍. പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ജൈവബന്ധമാണ് ആശയപരമായി അകന്നെങ്കിലും പിന്നെയും കുറേക്കാലം അതില്‍ പിടിച്ചുനില്ക്കാന് കാരണമായത്. പൂര്‍വജന്മ സുകൃതം കൊണ്ടാണ് പാര്‍ട്ടിയെ ഉപേക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞതെന്ന് കരുതാനാണ് ഇപ്പോള്‍ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. തപസ്യ കലാ സാഹിത്യവേദിയുടെ സമാദരണത്തിന് മറുപടി പറയുകയായിരുന്നു കേശവന് നായര്‍.
പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ ഭൗതിക നേട്ടങ്ങള്‍ കിട്ടിയേനെ. ഭൗതികത്തിനപ്പുറമുള്ള നേട്ടമാണ് ഭാരതീയ ദര്‍ശനത്തിലേക്കുള്ള രൂപാന്തരണം മൂലം എനിക്കുണ്ടായത്. മാര്‍ക്സിസം ഭാരതീയതയെ അംഗീകരിക്കുന്നതല്ല. ഭാരതീയതയാകട്ടെ എന്തിനെയും ഉള്‍ക്കൊള്ളാന്‍ മാത്രം കരുത്തുള്ളതുമാണ്. ഒന്ന് അതിവിശാലവും മറ്റൊന്ന് അടച്ചുപൂട്ടിയതുമാണ്. ഭാരതീയ ദര്‍ശനം സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ തുടരുക എന്നെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു.
സിപിഎമ്മില്‍ നില്‍ക്കുമ്പോള്‍ത്തന്നെയാണ് താന്‍ എഴുതിത്തുടങ്ങുന്നത്. ഭൗതികത്തിനപ്പുറം പോലെയുള്ള പുസ്തകങ്ങളോടൊന്നും അവര്‍ പ്രതികരിച്ചതേയില്ല. മറ്റുള്ളവര്‍ ചര്‍ച്ച ചെയ്തപ്പോഴും പാര്ട്ടിക്കാര് അത് കണ്ട മട്ട് കാട്ടിയില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതിന് ശേഷമാണ് എഴുത്ത് കരുത്തായത്. ഗാന്ധിജിയെക്കുറിച്ചും എഴുതി. ആര്‍എസ്എസാണ് ഗാന്ധിയെ വധിച്ചതെന്ന് പറയുകയും പ്രസംഗിക്കുകയും ചെയ്ത കാലമുണ്ട്. ചെങ്കോട്ടയിലും ചെങ്കൊടി പാറുമെന്ന് ക്ലാസെടുത്ത് നടന്ന കാലം. ഗാന്ധിജി സംഘത്തിനൊപ്പമാണെന്ന് പിന്നെയാണ് മനസ്സിലായത്. നവഖാലിയില്‍ ഗാന്ധിജിക്കൊപ്പം പോയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അവരെക്കുറിച്ചാണ് ഈ നുണപ്രചാരണങ്ങളത്രയും നടന്നതെന്ന് ഓര്‍ക്കണമെന്നും കേശവന് നായര്‍ പറഞ്ഞു.
തേവള്ളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന സമാദരണ പരിപാടിയില്‍ തപസ്യ മേഖലാ ഉപാദ്ധ്യക്ഷന്‍ കല്ലട ഷണ്മുഖന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക് പ്രമുഖ് സി.കെ. ചന്ദ്രബാബു, തപസ്യ മേഖലാ ജനറല്‍ സെക്രട്ടറി ആര്. അജയകുമാര്‍, ജില്ലാ രക്ഷാധികാരി മണി കെ. ചെന്താപ്പൂര്, ജനറല്‍ സെക്രട്ടറി രവികുമാര്‍ ചേരിയില്‍, എം. സതീശന്, രജനി ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: