ന്യൂദല്‍ഹി: 2008 ലെ സിഡ്നി ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം തന്റെ പിഴവുകളാണെന്ന് മുന്‍ രാജ്യാന്തര അമ്പയര്‍ സ്റ്റീവ് ബക്നോര്‍. ഈ പിഴവുകള്‍ ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് ബക്നര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിഡ്നി ടെസ്റ്റില്‍ ഞാന്‍ രണ്ട് പിഴവുകള്‍ വരുത്തി. ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരെ ഓരോന്നായി പുറത്താക്കി ഇന്ത്യ മികച്ച നിലയിലേക്ക് നീങ്ങുമ്പോഴായിരുന്നു ആദ്യത്തെ പിഴവ്. ആന്‍ഡ്രു സൈമണ്ടസ് മുപ്പത് റണ്‍സ് എടുത്തുനില്‍ക്കെ ഇശാന്ത് ശര്‍മയുടെ പന്തില്‍ പുറത്തായതാണ്. പക്ഷെ ഞാന്‍ ഔട്ട് അനുവദിച്ചില്ല. സെഞ്ചുറി നേടിയ സൈമണ്ട്സ് (160) ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചു. ആറിന് 135 റണ്‍സെന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയ 463 റണ്‍സിലെത്തി.
അഞ്ചാം ദിവസമാണ് രണ്ടാമത്തെ പിഴവ് സംഭവിച്ചത്. അവസാന ദിവസം 72 ഓവറില്‍ 333 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയതാണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന രാഹുല്‍ ദ്രാവിഡിനെ തെറ്റായ തീരുമാനത്തിലൂടെ ഞാന്‍ പുറത്താക്കി. ഇത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായയെന്നും ബക്നോര്‍ പറഞ്ഞു. വിന്‍ഡീസുകാരനായ ബക്നര്‍ 2009 ലാണ് വിരമിച്ചത്.
ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ് ആന്‍ഡ്രു സൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സിഡ്നി ടെസ്റ്റ് കുപ്രസിദ്ധി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: