കൊട്ടാരക്കര: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ രാസപരിശോധനാ ഫലം പുറത്തുവന്നു. മൂര്‍ഖന്‍ പാമ്പിന്റെ വിഷം ഉത്രയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ വ്യക്തമായി. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് സഹായകരമാകുന്നതാണ് പരിശോധനാ ഫലം. ഇതിന് ഉപകരിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഉത്രയെ പാമ്പിനെക്കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സൂരജ് പരസ്യമായി സമ്മതിച്ചിരുന്നു. സൂരജിന്റെ മൊഴിയോടൊപ്പം ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്താന്‍ രാസപരിശോധാ ഫലം നിര്‍ണായകമാണ്. രാസപരിശോധനയില്‍ ഉത്രയുടെ ആന്തരിക അവയവത്തില്‍ സിട്രസ് മരുന്നിന്റെ അംശങ്ങളും കണ്ടെത്തി. കൊലപാതകത്തിന് മുന്‍പ് മയക്കി കിടത്താന്‍ വേണ്ടിയാണ് ഈ മരുന്ന് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ജ്യൂസില്‍ കലര്‍ത്തിയാണ് മരുന്ന് നല്‍കിയതെന്ന് നേരത്തെ സൂരജ് വെളിപ്പെടുത്തിയിരുന്നു.
ഉത്ര കൊല്ലപ്പെട്ട ശേഷം മറവ് ചെയ്തിരുന്ന പാമ്പിനെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. ഡി.എന്‍.എ പരിശോധനയ്ക്കും അയച്ചിരുന്നു. ഡി.എന്‍.എ പരിശോധനയുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. സൂരജിന് പാമ്പിനെ നല്കിയ സുരേഷിനെ മാപ്പ് സാക്ഷിയാക്കുന്നതിന് അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. അച്ഛന് സുരേന്ദ്രന്.കെ.പണിക്കരെ രണ്ടാം പ്രതിയാക്കും. അമ്മയെയും സഹോദരിയെയും പലതവണ ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്ക് കേസിലുള്ള പങ്കില്‍ പൂര്‍ണ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കും.
കൊലപാതകത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കില്ലെന്ന് സൂരജ് പറയുന്നുണ്ട്. താന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് പരസ്യമായി സമ്മതിച്ചുകൊണ്ടാണ് സൂരജ് മറ്റുള്ളവരെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പാമ്പിനെ വിലകൊടുത്ത് വാങ്ങിയതെന്നും സൂരജ് പറഞ്ഞിരുന്നു. കേസ് അന്വേഷണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ആഗസ്റ്റ് ആദ്യവാരത്തില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: