ആലപ്പുഴ: കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. രണ്ടര മണിക്കൂറാണ് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്.
വകമാറ്റിയ 55 ലക്ഷം തിരികെ എസ്എന്‍ ട്രസ്റ്റില്‍ അടച്ചെന്ന് വെള്ളാപ്പള്ളി മൊഴി നല്കി. എന്നാല്‍ ചൊവ്വാഴ്ചക്കകം ഇതുസംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടതായാണ് വിവരം. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് ക്രൈംബ്രാഞ്ച് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് നടപടി. 1997-98ല്‍ കൊല്ലം എസ്എന്‍ കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്സിബിഷനും പിരിവും നടത്തി.
എന്നാല്‍ പിന്നീട് കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന സുവര്‍ണ ജൂബിലി ഫണ്ട് വെള്ളാപ്പള്ളി നടേശന് വകമാറ്റിയെന്നാണ് പരാതി. എസ്എന്‍ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന പി. സുരേഷ് ബാബുവാണ് പരാതിക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: