മാവേലിക്കര: സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള രാജ്യവിരുദ്ധ ശക്തികളുടെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മധ്യതിരുവിതാംകൂറിലേക്ക് വ്യാപിക്കുന്നു. കേസില്‍ പ്രതികളായി ഇപ്പോള്‍ പിടിക്കപ്പെട്ടവരുടെ ഫോണ്‍രേഖ അടക്കം പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. പ്രതികള്‍ക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി അടുത്ത ബന്ധമാണുള്ളത്. ഇടതുപക്ഷ നേതാവും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കളുമായി വളരെ അടുപ്പമുള്ള യുവജന നേതാവായ അഭിഭാഷകനാണ് ഈ സംഘത്തിന്റെ തലവന്‍.
ഇയാള്‍ മറ്റൊരു രാജ്യവിരുദ്ധ കേസില്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഇദ്ദേഹം അടുത്തയിടയിലാണ് ജാമ്യത്തിലിറങ്ങിയത്. ഇദ്ദേഹത്തിന് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായി കോടതികള്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള മാവേലിക്കര സ്വദേശിനി, കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ജുവലറി ഉടമ, ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ജോലി ചെയ്യുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വള്ളികുന്നം സ്വദേശിയായ ഹവാല ഇടപാടുകാരന്, മധ്യതിരുവിതാംകൂറിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമ, ഇടതു നേതാക്കന്മാരായ രണ്ട് യുവ അഭിഭാഷകര്‍, മാവേലിക്കരയിലെ ഒരു മണ്ണ് മാഫിയ തലവന്‍ എന്നിവരാണ് ഈ ഇടപാടിലെ മുഖ്യകണ്ണികള്‍.
ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ആരോപണവിധേയരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. ആരോപണവിധേയനായ അഭിഭാഷകന് പലരില്‍ നിന്നായി വന്‍തുക പലിശ വാഗ്ദാനം ചെയ്ത് വാങ്ങിച്ചെടുത്ത കോടിക്കണക്കിന് രൂപ ഇപ്പോള്‍ കരുനാഗപ്പള്ളിയില്‍ ഒളിവില്‍ താമസിക്കുന്ന സ്ത്രീ വഴിയാണ് സ്വര്‍ണ ഹവാല റാക്കറ്റിന് കൈമാറിയിരുന്നത്. മാവേലിക്കര, കായംകുളം പ്രദേശത്തെ അഭിഭാഷകര്‍ ഉള്‍പ്പടെ നിരവധി ആള്‍ക്കാരാണ് ഈ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് പണം കൊടുത്തിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഡിസംബര്‍ വരെ താന്‍ നേരിട്ട് വലിയ തുക കമ്മീഷനായി നല്‍കിയിട്ടുണ്ടെന്ന് സ്ത്രീ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു. എങ്കിലും സിപിഎം നേതാക്കളുടെ അടുപ്പക്കാരനായ ഇയാള്‍ക്ക് ഇപ്പോള്‍ ജില്ലയിലെ ഒരു പ്രധാന സ്റ്റേഷന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഭീകര ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നടത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനെന്ന് എന്‍ഐഎ കണ്ടെത്തിയതോടെ പഴയ കേസുകളിലെയും ഭീകര ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള പോലീസ്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയവരെയും കൂട്ടാളികളെയും എന്‍ഐഎ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതോടെയാണ് മുഖം രക്ഷിക്കാന്‍ സ്വര്‍ണക്കടത്ത് റിപ്പോര്‍ട്ടുമായി പോലീസ് രംഗത്തെത്തിയത്. സ്വപ്ന സുരേഷിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് പോലീസാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
2016 മുതല്‍ 2020 വരെ പോലീസ് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകളുടെ വിവരമടങ്ങിയ റിപ്പോര്‍ട്ട് ഡിജിപി ലോക്നാഥ് ബെഹ്റ എന്‍ഐഎയ്ക്ക് കൈമാറി. ഇതിലാണ് തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടത്. ആയിരം കോടിയിലധികം രൂപയുടെ ഇടപാടുകള്‍ സ്വര്‍ണക്കടത്തിനു പി
ന്നില്‍ നടക്കുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട നൂറോളം പേരുടെ വിവരങ്ങളും കൈമാറി. 2018 ലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത്. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ സ്വര്‍ണവുമായെത്തുന്ന ആള്‍ക്ക് ഒന്നര ലക്ഷം രൂപ പ്രതിഫലം ലഭിക്കും.
ഹവാല, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുള്ള ദുബായ്യില് ഹോട്ടല്‍ നടത്തുന്ന ആളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, എന്‍ഐഎ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇന്നലെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എന്‍ഐഎ ഡിവൈഎസ്പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. സ്വപ്ന സുരേഷ് വ്യാജരേഖ ചമച്ച കേസിലെ വിവരങ്ങള്‍ കൈമാറി. എല്ലാ സഹായവും ദേശീയ അന്വേഷണ ഏജന്‍സിക്ക് ഉണ്ടാകുമെന്നാണ് ഡിജിപി വ്യക്തമാക്കിയിട്ടുള്ളത്.
കളക്ടറേറ്റുകളിലെ സ്ഫോടനങ്ങള്‍, മലപ്പുറത്ത് പാലത്തിനടിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത് അടക്കമുള്ള സംഭവങ്ങള്‍ പോലീസ് കൃത്യമായി അന്വേഷിക്കാത്തതിനാലാണ് തീവ്രവാദികള്‍ക്കായി സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: