കൊല്ലം: ദിനംപ്രതി രോഗികള്‍ പെരുകുമ്പോള്‍ ജില്ലയില്‍ കൊറോണ ചികിത്സ താളംതെറ്റുന്നു. സ്റ്റാഫ് നഴ്സ് മുതല്‍ ശുചീകരണത്തൊഴിലാളികള്‍വരെ ആവശ്യത്തിനില്ല. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോഴാണ് മറുവശത്ത് ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമാകുന്നത്.
ഇനിയങ്ങോട്ട് ഏറ്റവും വെല്ലുവിളി നേരിടുന്നത് കിടത്തിച്ചികിത്സയ്ക്കാണ്. നിലവില്‍ രണ്ട് ആശുപത്രികളിലാണ് കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ളത്. പാരിപ്പള്ളി മെഡിക്കല്‍കോളേജിലും വാളകം മെഴ്സി ആശുപത്രിയിലും മാത്രമാണ്. ജില്ലയിലെ രോഗികള്‍ ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലുമുണ്ട്. 3000 പേര്‍ക്ക് കിടത്തിച്ചികിത്സയ്ക്ക് സൗകര്യമൊരുക്കുമെന്നാണ് ജില്ലാ ഭരണകൂടം ആവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി.
ഡെങ്കിപ്പനിയും മറ്റ് മഴക്കാല രോഗങ്ങളും പിടിപെട്ട് കിടക്കുന്നവരും മറ്റു പലവിധ അസുഖങ്ങളായെത്തുന്നവരും ആശുപത്രിയിലുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 750 കിടക്കകളാണുള്ളത്. അതില്‍ 500 എണ്ണമാണ് പൂര്ണസജ്ജമെങ്കിലും 200 രോഗികളെ ചികിത്സിക്കാനുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള സ്റ്റാഫുകള്‍ മാത്രമാണ് ഇവിടെ ഉള്ളത്. മെഡിക്കല്‍ കോളേജില്‍ നാല് ഐസി യൂണിറ്റിലും കിടക്കകള്‍ ഒഴിവില്ല. കോവിഡ് പോസിറ്റീവ് ആയവരും നെഗറ്റീവ് ആയവരും ഇവിടെ ചികിത്സയില്‍ ഉണ്ട്. നിലവിലുള്ളത് 18 വെന്റിലേറ്ററുകള്‍ മാത്രമാണ്. 185 പേര് ഇവിടെ കൊറോണ ബാധിച്ച് ചികിത്സയിലുണ്ട്. കൂടാതെ ക്വറന്റൈനില്‍ ഉള്ളവരും ചികിത്സയില്‍ ഉണ്ട്. രോഗലക്ഷണവുമായി വരുന്നവരുടെ ചികിത്സയും ഇവിടെയാണ്.
മറ്റൊരു ചികിത്സാ കേന്ദ്രമായ കൊട്ടാരക്കര മെഴ്സി ആശുപത്രിയില്‍ 68 പേരാണ് ചികിത്സയിലുള്ളത്. ഇവിടെ ഇനി 30 പേരെ കൂടി ഇവിടെ പ്രവേശിപ്പിക്കാനാകും. ജില്ലയില്‍ കൊറോണ ബാധിച്ച രോഗികളെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെയാണ് മെഴ്സി ആശുപത്രിയിലേക്ക് മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: