അഞ്ചല്‍: വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന സ്വര്‍ണക്കടത്തുകള്‍ ഭീകരപ്രവര്‍ത്തനത്തിനെന്ന് സംശയം ബലപ്പെടുമ്പോഴും കുളത്തൂപ്പുഴയില്‍ പാക്-ചൈനീസ് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇനിയും നിഗൂഢതകള്‍ വെളിവായിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം പാക് ആയുധ നിര്‍മാണശാലയായ പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലും (പിഓഎഫ്) ചൈനയിലും നിര്‍മിച്ച വെടിയുണ്ടകള്‍ ഉപേഷിച്ച നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘദൂര യന്ത്രതോക്കുകളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. രാജ്യരക്ഷയെ ബാധിക്കുന്ന ഗൗരവതരമായ വിഷയത്തില്‍ മിലിട്ടറി ഇന്റലിജന്‍സ്, റോ, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവ സ്ഥലത്തെത്തി അന്വേഷിച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമാകുകയോ ആരെയും അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല.
സമാനമായി സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ മുമ്പും ലഭ്യമായിട്ടും കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ മുഖേന സ്വര്‍ണമടക്കം കടത്തി വലിയ പണക്കാരായവര്‍ ഏറെയുണ്ട് കിഴക്കന്‍ മേഖലകളില്‍. വിദേശത്തുനിന്ന് തീവ്രവാദ സംഘടനകള്‍ക്ക് പണമെത്തിക്കുന്ന ദല്ലാള്‍മാരുമുണ്ട്. മതമൗലികവാദ സംഘടനകളുടെ ദല്ലാള്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ അനുകൂലികളെ വിവിധ കേസുകളില്‍ കരുതിക്കൂട്ടി കുടുക്കിയിരുന്നു.
കളിയിക്കാവിളയില്‍ പോലീസുകാരനെ കൊന്നതും വെടിയുണ്ടകള്‍ വഴിയില്‍ ഉപേക്ഷിച്ചതും തങ്ങളുടെ ശേഷിയും സാന്നിദ്ധ്യവും അറിയിക്കാനുള്ള തീവ്രവാദസംഘടനകളുടെ പതിവ് രീതിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊല്ലം കളക്ട്രേറ്റിലെ സ്‌ഫോടനമുള്‍പ്പെടെ ആസൂത്രണം ചെയ്ത ഭീകരവാദസംഘടനകള്‍ക്ക് ജില്ലയിലുടനീളം സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു.
വിദേശരാജ്യങ്ങളില്‍ അടിക്കടി യാത്രചെയ്യുന്നവരുടെ സാമ്പത്തിക സ്രോതസുകളും തീവ്രവാദബന്ധവും അന്വേഷിക്കേണ്ടിയിരിക്കുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം തീവ്രവാദ സംഘടനകളിലേക്ക് നീങ്ങുമ്പോള്‍ ഇവരുടെ ഇടനിലക്കാരെയും കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക