കൊല്ലം: 108 ആംബുലന്‍സിനുള്ളില്‍ അവന് പിറന്നു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് ആംബുലന്‍സ് ജീവനക്കാര്‍. കൊട്ടാരക്കര നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിന്റെ ഭാര്യ സിന്ധു(32) ആണ് ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സിന്ധുവിന് പ്രസവവേദന അനുഭവപ്പെട്ടതോടെ വീട്ടുകാരാണ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കണ്‍ട്രോള്‍റൂമില്‍ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഇന്ദുദേവി, പൈലറ്റ് സന്തോഷ് കുമാര്‍ എന്നിവരാണ് സിന്ധുവിനെ കൊണ്ടുപോകാന്‍ സ്ഥലത്തെത്തിയത്. റോഡില്‍ നിന്ന് കുത്തനെ ഇറക്കമുള്ള സ്ഥലത്തായിരുന്നു വീട്. ഇവിടേക്ക് ആംബുലന്‍സ്—എത്തിപ്പെടാനായില്ല.
സിന്ധുവിന്റെ അടുത്തെത്തിയ ഇന്ദുദേവി നടത്തിയ പരിശോധനയില്‍ ആരോഗ്യനില മോശമാണെന്നും ഉടനെ ആശുപത്രിയിലെത്തണമെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ സിന്ധുവിനെ സ്ട്രച്ചറില്‍ ചുമന്ന് കയറ്റം കയറി മുകളില്‍ എത്തിച്ച് ആംബുലന്‍സില്‍ കയറ്റി. സിന്ധുവിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായപ്പോള്‍ ഇന്ദുദേവി ആംബുലന്‍സിനുള്ളില്‍തന്നെ പ്രസവം എടുക്കുകയായിരുന്നു.
പ്രഥമ ശുശ്രൂഷ നല്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആംബുലന്‍സ്—പൈലറ്റ് സന്തോഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഇന്നലെ ഇവിടെ നിന്നും തിരുവനന്തപുരം എസ്എടിയിലേക്ക് കുഞ്ഞിനെ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: