കൊച്ചി: കേരളത്തില്‍ കൊറോണ വ്യാപനം ആപല്‍ക്കരമായ നിലയിലേക്കെന്ന് ആരോഗ്യ വിദഗ്ധര്‍. പലയിടങ്ങളിലും പ്രദേശികമായ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായും രോഗബാധിതരുടെ ക്ലസ്റ്റര്‍ (കൂട്ടം) വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്നും ചെന്നൈ, ദല്‍ഹി മാതൃകയിലാണ് രോഗവ്യാപനമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നാലു മാസമാണ് കേരളം പാഴാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വയംകരുതലും നിയന്ത്രണങ്ങളും കര്‍ശനമാക്കണമെന്നാണ് അവരുടെ നിര്‍ദേശം.
കേരളത്തില്‍ കൊറോണ വൈറസിന്റെ ‘വിശാലമായ സാമൂഹ്യവ്യാപനം ആയിട്ടില്ല, എന്നാല്‍, ‘ലോക്കല്‍ കമ്യൂണിറ്റി സ്പ്രെഡ്’ (പ്രാദേശിക സാമൂഹ്യവ്യാപനം) ആയി. അതാണ് ചെല്ലാനത്തും പൂന്തുറയിലും കാണുന്നത്. ഇത് കൂടുതല്‍ സ്ഥലങ്ങളിലുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് ബാധിച്ചതു കണ്ടെത്താം. പത്തു ശതമാനം പേര്‍ക്ക് എല്ലായിടത്തും രോഗബാധ സാധ്യതയുണ്ടെന്നാണ് പരിശോധനാ ഫലങ്ങളുടെ വിശകലനം വ്യക്തമാക്കുന്നത്.
”ദല്‍ഹിയിലും ചെന്നൈയിലും ഇങ്ങനെയായിരുന്നു. എന്നാല്‍, അവിടങ്ങളില്‍ കൃത്യമായ നടപടികളിലൂടെ നിയന്ത്രിക്കാനായി. പക്ഷേ, തുടക്കത്തില്‍ പ്രതിരോധിച്ച ബെംഗളൂരു പിറകോട്ടു പോയി. ഈ വ്യാപനം എങ്ങനെ നിയന്ത്രിക്കുന്നുവെന്നതിലാണ് വിജയ പരാജയങ്ങളിരിക്കുന്നത്.” ഡോ. പത്മനാഭ ഷേണായി പറയുന്നു.
കേരളം അപകടത്തിലേക്കാണെന്നാണ് പല ആരോഗ്യവിദഗ്ധരുടെയും വിശകലനങ്ങള്‍. ഉറവിടമറിയാത്ത 30 രോഗബാധിതര്‍ ദിവസവുമുണ്ടാകുന്നു. അവര്‍ ഒരു ക്ലസ്റ്റര്‍ ആയി മാറുകയാണ്. അങ്ങനെ ഒരാഴ്ച 20 ക്ലസ്റ്റര്‍ ആയിരുന്നത് ആഴ്ചയില്‍ 84 മുതല്‍ 90 വരെ ആയി. ഈ മള്‍ട്ടിപ്പിള്‍ ക്ലസ്റ്റര്‍ കൈകാര്യം ചെയ്യാന്‍ കഴിയണം.
ദല്‍ഹിയില്‍ പ്രാഥമിക ചികിത്സാ സൗകര്യം തുടക്കത്തില്‍ ഇല്ലായിരുന്നു. എന്നാല്‍, മേല്‍നോട്ടം കേന്ദ്രം ഏറ്റെടുത്തതോടെ പ്രാഥമിക ചികിത്സാ സൗകര്യം വ്യാപകമാക്കി. കേരളം പണം മുടക്കണം. അതുണ്ടോ, ഇല്ലെങ്കില്‍ എന്താണ് പദ്ധതി. കടമെടുത്തായാലും അടിസ്ഥാന സൗകര്യങ്ങളും മികച്ച ചികിത്സാ സംവിധാനങ്ങളും ഒരുക്കണം, ആരോഗ്യ നിരീക്ഷകര്‍ നിര്‍ദേശിക്കുന്നു.
രണ്ടരലക്ഷം പേരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സംവിധാനമുണ്ടെന്നു പറഞ്ഞു. പക്ഷേ, 10,000 പേര് എത്തിയപ്പോള്‍ സംവിധാനമില്ലെന്ന് വ്യക്തമായി. പ്രാഥമിക ചികിത്സയ്ക്ക് ഒരു ലക്ഷം ബെഡ്ഡുകള്‍ തയാറെന്നു പറഞ്ഞു. രോഗികളുടെ എണ്ണം 5000 എത്തിയപ്പോള്‍ സ്റ്റേഡിയങ്ങളില്‍ താത്കാലിക സൗകര്യങ്ങള്‍ ഒരുക്കാന്‍ പോകുന്നതേയുള്ളൂ. സ്വന്തം വിശ്വാസ്യതയാണ് സര്‍ക്കാര്‍ കളഞ്ഞത്. ഇപ്പോള്‍ 7000 ഐസിയു തയാറെന്നു പറയുന്നത് അതുകൊണ്ടുതന്നെ വിശ്വസിക്കാനാവില്ലെന്ന് പ്രതിരോധ പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: