ചെറുതോണി: മഴക്കാലമായതോടെ ഭീതിയുടെ നിഴലില്‍ ഏഴു കുടുംബങ്ങള്‍. വാത്തിക്കുടി പഞ്ചായത്തിലെ തേക്കിന്തണ്ട് മലയിലെ താമസക്കാരായ ഏഴ് പട്ടികവര്‍ഗ കുടുംബങ്ങളാണ് പ്രകൃതി ദുരന്തങ്ങളുടെ ആശങ്കയില്‍ ജീവിതം തള്ളിനീക്കുന്നത്.
തേക്കിന്തണ്ട് പെരിയാര്‍വാലി നിവാസികള്‍ക്ക് ഓരോ മഴക്കാലവും കടുത്ത ആശങ്കയുടെ നാളുകളാണ്. പെരിയാര്‍വാലി മലയില്‍ താമസിക്കുന്ന ഏഴ് പട്ടികവര്‍ഗ കുടുംബങ്ങള്‍ മഴക്കാലമരംഭിച്ചതു മുതല്‍ രാത്രികാലങ്ങളില്‍ പോലും ഉറക്കമില്ലാതെ എപ്പോഴും ഉണര്‍ന്നിരിക്കേണ്ട സ്ഥിതിയിലാണ്. ഇവര്‍ താമസിക്കുന്നവീടുകളുടെ പിന്‍ഭാഗത്ത് വലിയ മലയും മുന്‍ഭാഗം അതീവ ഗര്‍ത്തവുമാണ്. സമീപത്തെ മലഞ്ചെരിവുകളും ഏറെ ഭീതി ഉളവാക്കുന്നവയാണ്.
2018ലെ പ്രളയത്തില്‍ അഴ്ച്ചകളോളം ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ഇവിടം സന്ദര്‍ശിച്ച് പരിശോധന നടത്തിയ റവന്യൂ അധികൃതര്‍ ഇവിടം വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും പകരം ഭൂമിയും വീടും നല്‍കുന്നതിനായി 10 ലക്ഷം അനുവദിച്ചതായി അറിയിക്കുകയും ചെയ്തു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആശിക് പദ്ധതി പ്രകാരം വീടും അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചു.
പിന്നീട് മരിയാപുരം പഞ്ചായത്തിലെ ആന്റോപുരത്തും വാത്തിക്കുടി പഞ്ചായത്തിലെ കനകക്കുന്നിലും ഇവര്‍ക്ക് സ്ഥലം കാണിച്ച് കൊടുത്തു. എന്നാല്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയ സ്ഥലം വാസയോഗ്യമല്ലെന്നും കുടിവെള്ളം പോലും ലഭ്യമല്ലാത്ത സ്ഥലത്ത് താമസിക്കാന്‍ കഴിയില്ലെന്നുമാണ് സ്ഥലം സന്ദര്‍ശിച്ച ശേഷം ഇവര്‍ പറയുന്നത്. മലമുകളിലാണെങ്കിലും കഠിനാദ്ധ്വാനത്തിലൂടെ കൈവശമുള്ള ഭൂമി ഇവര്‍ ഫലഭൂവിഷ്ടമാക്കി.
കൂലിവേലയും കൃഷിയുമായി കഴിഞ്ഞുകൂടുന്ന ഈ കുടുംബങ്ങള്‍ക്ക് 20 കിലോമീറ്റര്‍ ദൂരെ അഞ്ച് സെന്റ് സ്ഥലം ലഭിച്ചാല്‍ എങ്ങിനെ ഉപജീവനം നടത്തുമെന്നാണ് പെരിയാര്‍വാലിയിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ പ്രതിനിധിയായ ഊരുമൂപ്പന് ജോര്‍ജ് പന്നക്കല്‍ ചോദിക്കുന്നു. ബെന്നി ചെളിക്കണ്ടത്തില്‍, ജോര്‍ജ് പനക്കല്‍, മത്തായി നിരവത്ത്, സന്തോഷ് ചെരിപ്പല്ലൂര്, ദാനിയേല്‍ വരിക്കപ്ലാക്കല്‍, ബിനീഷ് തേക്കുമല, ജോബി കുന്നും പുറത്ത് എന്നിവരുടെ കുടുംബങ്ങളാണ് സര്‍ക്കാര്‍ സഹായം കിട്ടാതെ ഭുരിതം അനുഭവിക്കുന്നത്.
എന്നാല്‍ അസൗകര്യങ്ങള്‍ ബോധ്യമാക്കിയിട്ടും ഈ ഭൂമി തന്നെ ഏറ്റെടുക്കണമെന്നും അല്ലാത്ത സാഹചര്യത്തില്‍ മറ്റാനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അടിയന്തരമായി വിഷയത്തിലിടപെട്ട് പെരിയാര്‍വാലിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കണമെന്നാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: