ഇടുക്കി: കഞ്ഞിക്കുഴി മൈലപ്പുഴയില്‍ നിന്ന് 52 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. സംസ്ഥാനത്ത് അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ചാരായവേട്ടയാണിത്. മൈലപ്പുഴ മക്കാനാല്‍ വിശാഖി(27) നെ ആണ് ഇന്നലെ രാവിലെ ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
മലഞ്ചെരുവിലുള്ള പ്രതിയുടെ വീട്ടില്‍ ചാരായ നിര്‍മ്മാണത്തിനായി ഒരുക്കിയത് വലിയ സംവിധാനങ്ങളാണ്. മക്കുവള്ളി-മൈലപ്പുഴ ഭാഗത്ത് വന്‍തോതില്‍ ചാരായം ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സുരേഷ് കുമാറിന്റെ കീഴിലുള്ള ഷാഡോ ടീം നാളുകളായുള്ള പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈലില്‍ ബന്ധപ്പെടുന്നവര്‍ക്ക് നേരിട്ട് ചാരായം എത്തിച്ച് നല്‍കുന്നതായിരുന്നു രീതി.
ഒരേ സമയം വലിയ തോതില്‍ ചാരായം വാറ്റാനായി പ്രതിയുടെ വീട്ടില്‍ വലിയ സൗകര്യങ്ങളൊരുക്കിയിരുന്നു. വാറ്റിയ ചാരായം പുരയിടത്തിലെ വാഴത്തോട്ടത്തിലായിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്. കറുത്ത കന്നാസിലാക്കി വഴകള്‍ക്കിടയില്‍ വെച്ച് ഇവ വാഴക്കച്ചികൊണ്ട് മറച്ചിരുന്നു. ഏറെ പരിശോധന നടത്തിയാണ് ഇവ എക്സൈസിന് കണ്ടെത്താനായത്.
കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ മറയാക്കിയാണ് ചാരായ നിര്‍മാണവും കടത്തും നടത്തിയിരുന്നത്. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൂടാതെ ഓഫീസര്‍മാരായ സജിമോന്‍ കെ.ഡി, സുനില്‍ കുമാര്‍ പി.ആര്, വിശ്വനാഥന് വി.പി, സിജു പി.റ്റി, രഞ്ചിത്ത് എന്‍, സിജുമോന്‍ കെ.എന്‍, ജലീല്‍ പി.എം, അനൂപ് തോമസ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജാരാക്കി മുട്ടത്തെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: