തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. എന്‍ഐഎ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയിലാണ് ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കര്‍ശ്ശനമാക്കിയിരിക്കുന്നത്. സ്വര്‍ണകടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
ഒരു സുഹൃത്ത് വഴി ഫൈസല്‍ എവിടെയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നല്‍കുമെന്നും ഫൈസല്‍ ആരോപിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ഫൈസല്‍ യുഎഇയില്‍ നിന്നും കടന്നതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ഫൈസലിന്റെ തൃശൂര്‍ കൈപ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസസ് പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളില്‍ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകള്‍ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫൈസല്‍ നാട്ടിലേക്ക് വന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
അതേസമയം കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ ഇന്ന് ചോദ്യം ചെയ്യും. പണം മുന്‍കൂര്‍ നല്കി ഇവര്‍ സ്വര്‍ണ്ണ റാക്കറ്റ് വഴി സ്വര്‍ണം വരുത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഹെസയില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഈ സ്വര്‍ണത്തിന് രേഖകളില്ല. ഇവര്‍ക്ക് കള്ളക്കടത്ത് സ്വര്‍ണം നല്‍കിയെന്ന് കേസില്‍ പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: