മാഡ്രിഡ്: ഹലാ മാഡ്രിഡ്… സ്പാനിഷ് നാട്ടിലെ വമ്പന്‍ നഗരങ്ങളിലൊന്നായ മാഡ്രിഡ് ഇന്നലെ ഉറങ്ങിക്കാണില്ല. അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍! റയല്‍ മാഡ്രിഡ് എന്ന ഫുട്ബോള്‍ ക്ലബ് അവരെ ഒരിക്കല്‍ കൂടി സ്പെയ്നിലെ രാജാക്കന്മാരാക്കിയിരിക്കുന്നു. റയല്‍ മാഡ്രിഡും സാന്റിയാഗോ സ്റ്റേഡിയവും കിരീടങ്ങള്‍ പലകുറി കണ്ടതാണെങ്കിലും ഇന്നലത്തെ നേട്ടം ആഘോഷിക്കുക തന്നെ ചെയ്യും. പന്ത്രണ്ട് വര്‍ഷത്തിനിടെ നേടുന്ന മൂന്നാമത്തെ മാത്രം ലാ ലിഗ കിരീടമാണിത്. ചിരവൈരികളായ ബാഴ്സലോണയുടെ കൂടാരത്തില്‍ നിന്നും തുടര്‍ച്ചയായ രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ കിരീടം അവര്‍ക്ക് അത്രമേല്‍ അഭിമാനകരമാണ്.
പരിശീലകന് സിനദിന്‍ സിദാന് ബിഗ് സല്യൂട്ട്, രണ്ട് വര്‍ഷമായി ശരാശരി ടീമിലേക്ക് വീണ റയലിനെ വീണ്ടും പിടിച്ചുയര്‍ത്തിയതിന്. 34-ാം ലാ ലിഗ കിരീടത്തിലേക്ക് നയിച്ചതിന്.
നായകന് സെര്‍ജിയോ റാമോസിന് നന്ദി, പ്രതിരോധ താരമായിട്ടും ടീമിന് വേണ്ടിവന്നപ്പോഴെല്ലാം ഗോളടിച്ച് കളി ജയിപ്പിച്ചതിന്. വിയാ റയലിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം.
ജര്‍മന്‍ താരം കരീം ബെന്‍സേമ ഇരട്ട ഗോള്‍ നേടി. ഒരു മത്സരം ശേഷിക്കെയാണ് റയലിന്റെ കിരീടധാരണം. രണ്ടാം സ്ഥാനത്തുള്ള ബാഴ്സയെക്കാള്‍ ഏഴു പോയിന്റിന് മുന്നിലാണ്. വിയ്യാറയലുമായി അവരുടെ മൈതാനത്ത് കൊമ്പുക്കോര്ക്കുമ്പോള് 600 കി.മീ അകലെ ബാഴ്സ അസാസുനക്കെതിരെ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബാഴ്സ അവിടെ തോറ്റാല്‍ റയലിന് ഇവിടെ കിരീടം ഉറപ്പ്. എങ്കിലും ബാഴ്സയുടെ തോല്‍വിക്കായി കാത്തുനില്‍ക്കാതെ സിദാനും സംഘവും തങ്ങളുടെ ജോലി കൃത്യമായി ചെയ്തു.
കൊറോണ ലോക്ഡൗണിന് ശേഷം വീണ്ടും കളി ആരംഭിച്ച റയല്‍ മാഡ്രിഡ് മികച്ച ഫോമിലായിരുന്നു. കളിച്ച 10 കളിയിലും വിജയിച്ചു. കിരീടം ഏറെക്കുറെ കൈവിട്ട സാഹചര്യത്തില്‍ നിന്നും ടീം നടത്തിയ അത്ഭുത മുന്നേറ്റത്തെ കായിക ലോകമാകെ പ്രകീര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: