തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം ശക്തമായി നടക്കുന്നതിനിടയിലും വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്തല്‍ സജീവം. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുഴമ്പുരൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. കേസന്വേഷണം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അവസരത്തില്‍ തന്നെ സ്വര്‍ണം പിടികൂടിയത് അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിക്കുകയാണ്.
സ്വര്‍ണം കടത്തിയതിന് കഴിഞ്ഞ ദിവസം പിടിക്കപ്പെട്ട ആറുപേരില്‍ നാലുപേരും സ്ത്രീകളായിരുന്നു. കുഴമ്പുരൂപത്തിലാക്കി നാപ്കിനില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം എത്തിച്ചത്. നാലുപേര്‍ തമിഴ്നാട് സ്വദേശികളും രണ്ടുപേര്‍ ആന്ധ്ര സ്വദേശികളുമാണ്. സ്പൈസ്ജെറ്റ് വിമാനത്തില്‍ റാസല്‍ഖൈമയില്‍ നിന്നെത്തിയ ഇവര്‍ ഗള്‍ഫിലെ ബാറുകളില്‍ ജോലി ചെയ്തിരുന്നവരാണ്.
എന്നാല്‍ അന്യസംസ്ഥാന സ്വദേശികളായ ഇവര്‍ തിരുവനന്തപുരത്തേക്ക് എത്തിയത് ദുരൂഹത വര്ധിപ്പിച്ചിക്കുകയാണ്. കൊറോണയുടെ പ്രതികൂല സാഹചര്യത്തില്‍ സ്വദേശത്തല്ലാത്ത തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ എത്തിയത് കടത്തുന്ന സ്വര്‍ണം കേരളത്തില്‍ തന്നെ വിതരണം ചെയ്യാനായിട്ടെന്നാണ് നിഗമനം. പിടിയിലായവരെ ജാമ്യത്തില്‍ ഇറക്കിയിരുന്നു. ഇവര്‍ക്കു പിന്നില്‍ വിമാനത്താവള ജീവനക്കാരും പോലീസുകാരും അഭിഭാഷകരും ഉള്‍പ്പെടുന്ന വലിയ സംഘം തന്നെ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: