തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളെ അതിവേഗം കണ്ടെത്താന്ചെലവു കുറഞ്ഞ റാപ്പിഡ് ആന്റിബോഡി കാര്‍ഡ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) വികസിപ്പിച്ചു. ഇത് വില്‍ക്കാനുള്ള ലൈസന്‍സും ആര്‍ജിസിബി സ്വന്തമാക്കി.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ആര്‍ജിസിബിയുടെ മൂന്നാമത്തെ ഉല്പന്നമാണിത്. നൂറു ശതമാനം സൂക്ഷ്മ സംവേദന ക്ഷമതയും 98 ശതമാനം കൃത്യതയുള്ളതുമായി വിശേഷിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നമാണ് ഈ കാര്‍ഡ്. 25 മുതല്‍ 30 മിനിറ്റിനകം ഫലം ലഭിക്കും. ഏതു സാഹചര്യത്തിലും വന്‍തോതിലുള്ള സാമ്പിള്‍ പരിശോധനയ്ക്ക് ഉപയുക്തമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തിലെ പ്ലാസ്മ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിന്‍ എന്ന പ്രോട്ടീനുകളുടെ സാന്നിധ്യമാണ് പരിശോധനയിലൂടെ കണ്ടെത്തുന്നത്.
നേരത്തെ വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയ (വിടിഎം) കിറ്റ്, വൈറല്‍ ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ (വിആര്‍ഇ) കിറ്റ് എന്നിവയ്ക്കുള്ള ലൈസന്‍സ് കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനില്‍നിന്ന് ആര്‍ജിസിബിയ്ക്ക് ലഭിച്ചിരുന്നു. പൂര്‍ണമായും തദ്ദേശീയമായ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ ഉല്പാദിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ പ്രൊഫ. എം രാധാകൃഷ്ണപിള്ള പറഞ്ഞു.
നോവല്‍ കൊറോണ വൈറസിനെ കണ്ടുപിടിക്കാനുള്ള റിയല്‍ ടൈം മള്‍ട്ടിപ്ലെക്സ് ആര്‍ടി-പിസിആര്‍ കിറ്റുകളും നിര്‍മിക്കുന്നുണ്ട്. രോഗികളുടെ രക്തത്തില്‍നിന്ന് ഐജിജി ആന്റിബോഡികള്‍ വേര്‍തിരിച്ച് ശുദ്ധീകരിച്ച് കുത്തിവയ്ക്കുന്നതിനുള്ള പരീക്ഷണങ്ങളും ആര്‍ജിസിബിയില്‍ നടക്കുന്നുണ്ട്. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്ന് നിശ്ചിത അളവില്‍ സംയോജിപ്പിച്ച് (എഫ്ഡിസി) വികസിപ്പിക്കുന്നതിന് ആര്‍ജിസിബി ഒരു ആസ്ട്രേലിയന്‍ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മരുന്നിനുള്ള അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പരീക്ഷണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: