കൊച്ചി: കേരളത്തില്‍ കൊറോണ പരിശോധന കുറവ്. അതിന്റെ ബലത്തില്‍ കള്ളക്കണക്കുകളാണ് മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. പരിശോധന സൗകര്യങ്ങള്‍ കുറവായതിനാല്‍ സാമ്പിള്‍ പരിശോധനാ ഫലം കിട്ടാന്‍ പത്തുമുതല്‍ പതിനാലുവരെ ദിവസം ഇപ്പോഴും വൈകുന്നുണ്ട്. ഇതും കൃത്യമായ കണക്ക് എടുക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും തടസമാണ്. ജീവനക്കാരുടെ കുറവാണ് മറ്റൊരു പ്രശ്നം. അതിനിടെയാണ് ആലപ്പുഴയില്‍ പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ പൂപ്പല്‍ കയറിയെന്ന ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത വന്നത്.
കേരളം രണ്ടുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ക്ക് ഏപ്രില്‍ അവസാനം ക്വട്ടേഷനുകള്‍ നല്കി. കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് വഴിയായിരുന്നു നടപടി. എന്നാല്‍ ജൂണ്‍ ആദ്യവാരത്തെ കണക്കുകള്‍ പ്രകാരം 10,000 പരിശോധനകളേ ഈ ടെസ്റ്റിലൂടെ നടത്തിയിട്ടുള്ളൂ. 40,000 കിറ്റുകള്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. പരിശോധനകള്‍ തീരെക്കുറവാണ് എന്നര്‍ഥം. ഇപ്പോള്‍ ആന്റിബോഡി കിറ്റുകള്‍ക്ക് പലയിടങ്ങളിലും ക്ഷാമമാണ്.
ആദ്യ സമയത്ത് പരിശോധന ഫലം വൈകിട്ട് പത്രസമ്മേളനത്തില്‍ മാത്രമേ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുള്ളൂ. ഇതുമൂലം രോഗം ബാധിച്ചവരെ അക്കാര്യം അറിയാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിചരിക്കേണ്ടിവന്നിരുന്നു. ഇതു രോഗ വ്യാപനത്തിന് ഇടയാക്കി.
തുടര്‍ന്ന് ജില്ലാ അധികാരികള്‍ക്ക് ഇത് വെളിപ്പെടുത്താന്‍ അധികാരം നല്കി. പക്ഷേ, ഇപ്പോഴും കൃത്യമായ കണക്കുകള്‍ പരസ്യമാക്കുന്നില്ല. കഴിഞ്ഞ ദിവസം എറണാകുളത്ത് ചെല്ലാനത്ത് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15 പേര്‍ക്കെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് . സാങ്കേതികത്തകരാറെന്ന് സര്‍ക്കാര്‍ പറയുന്നെങ്കിലും വാസ്തവം അതല്ലെന്നാണ് ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
കുറച്ചു ദിവസമായി കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ല. എണ്ണം കൂടിവരുന്നതാണ് കാരണം. 20 പേര് മരിച്ച ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുന്നില്ല. ഇപ്പോള്‍ 35 പേര് കൊറോണ ബാധിച്ച് കേരളത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇന്നലത്തെ മരണങ്ങള് കൂടി വരുന്നതോടെ ഇത് കൂടും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പടരുന്നു
കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൊറോണ പടരുന്നതും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. തിരുവനന്തപുരം മെഡി. കോളേജിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ഇന്നലെ എറണാകുളം ഏലൂര്‍ പാതാളം ഇഎസ്ഐ ആശുപത്രിയില്‍ ഡോക്ടറടക്കം ഒമ്പതുപേര്‍ ക്വാറന്റൈനിലായി. ഭരണ തലസ്ഥാനം, വ്യവസായ തലസ്ഥാനം, ആലപ്പുഴ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ ‘സൂപ്പര്‍ സ്പ്രെഡി’ലെത്തിയിരിക്കുകയാണ് വൈറസ് ബാധ.
പരിശോധനകളില്‍ പോരായ്മകളുണ്ടായതാണ് പൂന്തുറയിലേയും ചെല്ലാനത്തേയും സൂപ്പര്‍ സ്പ്രെഡിനു കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. വീടുകളിലെത്തി പരിശോധന നടത്തുമ്പോള്‍ വേണ്ട കരുതലും അതിവേഗം ഫലം അറിയാനുള്ള സംവിധാനങ്ങളും മഹാരാഷ്ട്രയിലെ ധാരാവിയിലെപ്പോലെയാവണമെന്ന് അവര്‍ പറയുന്നു. ഇവിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 62,000 സന്നദ്ധ പ്രവര്‍ത്തകര്‍ എവിടെയെന്നും ചോദ്യം ഉയരുന്നു.
കൊച്ചി ഐഎംഎ ഘടകം അധ്യക്ഷന്‍ ഡോ. രാജീവ് ജയദേവന് 108 ഡോക്ടര്‍മാര്‍ക്ക് ജീവഹാനിയുണ്ടായ സംഭവങ്ങളുടെ കാരണം കണ്ടെത്തി അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര മെഡിക്കല്‍ സമൂഹം ചര്‍ച്ച ചെയ്യുകയാണ്. ഫ്രീ പ്രിന്റ് ഇന്നലെ ശാസ്ത്രീയ ഔദ്യോഗിക രേഖയായി അത് പ്രചരിപ്പിച്ചുകഴിഞ്ഞു. അടിസ്ഥാനമായി വേണ്ടത് കൃത്യ വിവരങ്ങളും കാരണങ്ങളുമാണ്. പക്ഷേ, മറ്റു പല സംസ്ഥാനങ്ങളും ഈ കാര്യത്തില്‍ തുടരുന്ന സുതാര്യത കേരളത്തിന്റെ റിപ്പോര്‍ട്ടുകളിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: