തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു വിവാദത്തില്‍ കുടുങ്ങിയ മന്ത്രി കെ.ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടില്‍ രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും പാടേ ലംഘിച്ചു. പ്രോട്ടോക്കോളുകള്‍ മറികടന്നാണ് ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെ നേരിട്ട് ഫോണില്‍ വിളിച്ചതും അവരില്‍ നിന്ന് സഹായം കൈപ്പറ്റിയതും. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള തന്റെ ഫോണ്‍വിളികളെ ന്യായീകരിക്കവെയാണ് ജലീല്‍ ചട്ടലംഘനം നടത്തിയതും വെളിപ്പെട്ടത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായി വിദേശ ഏജന്‍സികളുടെ സഹായം വാങ്ങിയ മന്ത്രിയെന്ന നിലയ്ക്കുള്ള സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ്.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം വിദേശ നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണമുണ്ട്. അതിലെ പതിനെട്ടാമത്തെ ഭാഗത്ത് ‘ആശയ വിനിമയം’ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിദേശ നയതന്ത്രസ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായോ കേന്ദ്രഭരണ പ്രദേശങ്ങളുമായോ നേരിട്ട് വ്യാപാരം നടത്താനോ സാമ്പത്തിക സഹായം നല്‍കാനോ ഒരുമിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാനോ പാടില്ല.
അത്തരം കാര്യങ്ങളില്‍ ആശയവിനിമയം വിദേശ കാര്യമന്ത്രാലയം വഴിയേ നടത്താവൂയെന്നാണ് നിയമം. സാങ്കേതികമായ കാര്യങ്ങളോ വസ്തുതാപരമായ കാര്യങ്ങളോ അന്വേഷിക്കാന്‍ കോണ്‍സുലേറ്റ് ജനറല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനോട് ബന്ധപ്പെടാന്‍ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. പത്തൊമ്പതാമത്തെ ഭാഗത്ത് വിദേശ നയതന്ത്ര സ്ഥാപനങ്ങളോ കള്‍ച്ചറല്‍ സെന്ററുകളോ സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കില് വിദേശ നാണയ വിനിമയ നിയന്ത്രണ നിയമത്തിനു വിധേയമായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. അതിനുശേഷം പ്രോട്ടോക്കോള്‍ വിഭാഗം വഴി സംസ്ഥാന സര്‍ക്കാരിനെ ബന്ധപ്പെടണം എന്നും വ്യക്തമാക്കുന്നു. ഇതെല്ലാം പാടെ കാറ്റില്‍ പറത്തിയാണ് മന്ത്രി ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെ ബന്ധപ്പെട്ടതും സാമ്പത്തികസഹായം നേടിയതും.
മന്ത്രി പുറത്ത് വിട്ട വാട്സ് ആപ്പ് മെസേജുകളുടെ സ്ക്രീന്‍ഷോട്ട് അനുസരിച്ച് മെയ് 27 ന് ആണ് മന്ത്രി ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചത്. 500 രൂപ വിലയുള്ള 1000 കിറ്റുകള്‍ നല്‍കാമെന്ന് ജനറല്‍ സമ്മതിച്ചു. തുടര്‍ന്ന് മലപ്പുറം മാറഞ്ചേരിയിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 502500 രൂപയുടെ സാധനം ജൂണ്‍ 16 ന് വാങ്ങി. കൂടാതെ സ്വകാര്യസ്ഥാപനത്തില്‍ നിന്നും 17,000 രൂപയുടെ ബാഗുകളും വാങ്ങി. ഇതിന്റെ രണ്ട് ബില്ലുകളും നല്‍കിയിരിക്കുന്നത് യുഎഇ കോണ്‍സുലേറ്റ് ജനറലിനാണ്. മന്ത്രിയുടെ മണ്ഡലമായ തവനൂരിലെ സിപിഎം ഓഫീസില്‍ വച്ച് വിതരണം ചെയ്യുകയായിരുന്നു. 2019 ലും യുഎഇ കോണ്‍സുലേറ്റ് സഹായവിതരണം നടത്തിയെന്നും മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
യുഎഇ പതാക പതിച്ച ബാഗുകള്‍ നല്കിയതും നിയമ വിരുദ്ധം
തിരുവനന്തപുരം: രാജ്യവിരുദ്ധമായി യുഎഇ കോണ്‍സുലേറ്റിന്റെ സാമ്പത്തിക സഹായം തേടിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ യുഎഇ പതാക പതിച്ച കവറുകളില്‍ ഭക്ഷ്യകിറ്റുകള്‍ നല്കിയതും ചട്ടവിരുദ്ധം.
കേന്ദ്ര വിദേശ കാര്യമ്രന്താലയത്തിന്റെ പ്രോട്ടോകോള്‍ പ്രകാരം വിദേശ നയതന്ത്രസ്ഥാപനങ്ങളുടെ യാതൊരു പരസ്യപ്രചാരണവും പാടില്ല. എന്നാല്‍ കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലില്‍ നിന്നും പണം കൈപ്പറ്റി ഭക്ഷ്യക്കിറ്റില്‍ യുഎഇ പതാക അച്ചടിച്ച് വിതരണം ചെയ്തു. മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തില്‍ 17,000 രൂപയ്ക്കാണ് 1000 കവറുകള്‍ അച്ചടിച്ച ത്. ഇതില്‍ യുഎഇയുടെ പതാകയും യുഎഇ എയിഡ് എന്നും അച്ചടിച്ചിട്ടുണ്ട്. ഇതും രാജ്യവിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: