കൊച്ചി: അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമായി പൊതുജനങ്ങളില്‍നിന്ന് ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി മകളുടെ പരാതി. ‘നന്മമര’മെന്ന് ധരിച്ചിരുന്ന സന്നദ്ധപ്രവര്ത്തകന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് സഹായം ലഭിച്ച പെണ്‍കുട്ടി ഡിസിപി ജി. പൂങ്കുഴലിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പാലാരിവട്ടം പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയാണ് പരാതിക്കാരി. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള പണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഷ സഹായം അഭ്യര്‍ഥിച്ചിരുന്നു. ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് വര്‍ഷ ആശുപത്രി വരാന്തയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യര്‍ഥിച്ചത്. 18 ലക്ഷം രൂപയായിരുന്നു ചികിത്സാ ചെലവ്. തുടര്‍ന്ന് വര്‍ഷയ്ക്ക് സഹായവുമായി തൃശൂര്‍ സ്വദേശി സാജന് കേച്ചേരി എത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ആളാണ് സാജന് കേച്ചേരി. വര്‍ഷയുടെ വീഡിയോ ആദ്യം പങ്ക് വച്ചത് സാജനാണ്.
14 മണിക്കൂര്‍ കൊണ്ട് 50 ലക്ഷം രൂപ അക്കൗണ്ടിലെത്തി. തുക 89 ലക്ഷമായതോടെ അക്കൗണ്ട് ക്ലോസ് ചെയ്തു. പിറ്റേന്ന് തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തി. വര്‍ഷ തന്നെയാണ് അവയവദാനം നടത്തിയത്. ഇപ്പോള്‍ അമ്മയും വര്‍ഷയും വിശ്രമത്തിലാണ്. ഇതിനിടയിലാണ് പണം ചോദിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന ആരോപണവുമായി വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവിലെത്തിയത്. പണം സ്വരൂപിക്കാന്‍ സഹായിച്ച സാജന് കേച്ചേരി ഫോണില്‍ ഭീഷണിപ്പെടുത്തുന്നതായും ലഭിച്ച പണം പങ്കുവയ്ക്കണമെന്നും അക്കൗണ്ട് ജോയിന്റാക്കണമെന്നുമാണ് ആവശ്യമെന്നും വര്‍ഷ പറയുന്നു. കൊച്ചിയില്‍ നിന്ന് ജീവനോടെ തിരിച്ച് പോകാമെന്ന് കരുതുന്നില്ലെന്നും വര്‍ഷ വീഡിയോയില്‍ പറയുന്നു. അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യം.
ചികിത്സയ്ക്ക് മൂന്ന് മാസം കൂടി കൊച്ചിയില്‍ തുടരണം. ആദ്യ ചെക്കപ്പ് പോലും കഴിയാത്തതിനാല്‍ ബാക്കി വരുന്ന പണം മൂന്ന് മാസം കഴിഞ്ഞ് നല്‍കാമെന്ന് പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്നവര്‍ സമ്മതിക്കുന്നില്ലെന്നും വര്‍ഷ പറയുന്നു. ചികിത്സ നടക്കുന്ന ആശുപത്രിയില്‍ തന്നെ ഗോപിക എന്ന കുട്ടിക്കായി വര്‍ഷ സഹായം ചെയ്തിരുന്നു.
പണം ഇപ്പോള്‍ നല്‍കാനാവില്ലെന്ന് അറിയിച്ച വര്‍ഷയ്ക്കെതിരെ സാജന് കേച്ചേരിയും വീഡിയോ ചെയ്തിരുന്നു. വര്‍ഷയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 89 ലക്ഷവും 32 ലക്ഷത്തിനടുത്ത് യുവതിയുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്കുമാണ് വന്നിരുന്നത്. ചികിത്സ ചെലവും വീട് വയ്ക്കുന്നതിനുള്ള 75 ലക്ഷം രൂപയും എടുത്ത് ബാക്കിയുള്ള തുക മറ്റ് രോഗികള്‍ക്ക് നല്‍കണമെന്ന് വര്‍ഷയോട് നിര്‍ദ്ദേശിച്ചിരുന്നു. അത് വര്‍ഷ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷ വാക്ക് മാറ്റിയെന്നാണ് സാജന് കേച്ചേരി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: