കൊല്ലം: ജില്ലയില്‍ നിര്‍ദയം കോവിഡ് വ്യാപിക്കുന്നു. ഇന്നലെ 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. വെട്ടിക്കവല തലച്ചിറ, അഞ്ചല്‍ ഏരൂര്‍, ഓച്ചിറ ചങ്ങന്‍കുളങ്ങര, തെന്മല, തൊടിയൂര്‍, ചവറ, ഇളമാട്, തേവലക്കര, പത്തനാപുരം സ്വദേശികളാണ് 20 സമ്പര്‍ക്കരോഗികളും. ഇതരസംസ്ഥാനത്തുനിന്നും എത്തിയ നാലുപേരും കുരീപ്പുഴക്കാരാണ്. വിദേശത്ത് നിന്നെത്തിയ 14 പേര് പൂതക്കുളം, കുരീപ്പുഴ, പെരിനാട്, കുന്നത്തൂര്‍, പന്മന, കരുനാഗപ്പള്ളി സ്വദേശികളാണ്. ഏഴു പേര് തമിഴ്നാട്ടില്‍ നിന്നും ഒരാള്‍ ദല്‍ഹിയില്‍ നിന്നുമെത്തി.
ഇതിനിടെ ശൂരനാട് തെക്ക് പഞ്ചായത്തില്‍ രണ്ട് മത്സ്യക്കച്ചവടക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ടയിലെ രോഗവ്യാപനം തൊട്ടടുത്ത പഞ്ചായത്തിലേക്കും നീണ്ടു. ശൂരനാട് തെക്ക് പഞ്ചായത്തിലെ 16, 12 വാര്‍ഡുകളില്‍ പെട്ട രണ്ട് മത്സ്യ വില്‍പ്പനക്കാര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്. ഇരുവരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
എന്നാല്‍ ഇവരുടെ സഞ്ചാരം സംബന്ധിച്ചുള്ള പ്രാഥമികവിവരം ഭീതി പരത്തുന്നതാണ്. വീട് വീടാന്തരം കയറി ഇറങ്ങിയാണ് ഇവര്‍ കച്ചവടം നടത്തുന്നത്. വിശദമായ റൂട്ട് മാപ്പ് പരിശോധനയ്ക്ക് ശേഷം മാത്രമേ സമ്പര്‍ക്കം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാന്‍ കഴിയുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് അധികൃതരും പോലീസും അറിയിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഇന്നലെയും റാപ്പിഡ് ടെസ്റ്റിങ്ങ് കിറ്റ് എത്താതിരുന്നതിനാല്‍ പരിശോധന രണ്ടാംദിവസവും മുടങ്ങി. നിരവധി പേരാണ് ഇന്നലെ താലൂക്ക് ആശുപത്രിയില്‍ എത്തി പരിശോധന നടത്താനാകാതെ മടങ്ങിയത്. ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകള്‍ അടക്കമുള്ള കണ്ടൈന്‍മെന്റ് സോണുകള്‍ പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: