കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളേജിലെ കോഴ വിവാദത്തിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സി എസ് ഐ സഭാ അദ്ധ്യക്ഷന്‍ ധര്‍മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം, കണ്ട്രോളര് ധര്‍മ്മരാജ് എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കാത്തതിലായിരുന്നു വിമര്‍ശനം. രണ്ട് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി അന്വേഷണത്തെ വിമര്‍ശിച്ചത്. ഒന്ന് മുതല്‍ മൂന്ന് വരെയുളള പ്രതികള്‍ക്കെതിരെ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചു.കേസില്‍ പത്തുദിവസത്തിനകം അന്വേഷണപുരോഗതി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വന്‍സ്രാവുകള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല എന്ന് ചോദിച്ച കോടതി പ്രധാനപ്രതികള്‍ക്കെതിരെ അന്വേഷണമില്ലാത്തത് ആശ്ചര്യപ്പെടുത്തുവെന്നും പറഞ്ഞു. ജീവനക്കാര്‍ക്ക് പിന്നാലെ മാത്രമാണ് ക്രൈംബ്രാഞ്ചെന്നും കോടതി പരിഹസിച്ചു.
സി എസ് ഐ സഭയുടെ കീഴിലുള്ള മെഡിക്കല്‍ കോളേജായ കാരക്കോണം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോളേജ് അധികൃതര്‍ നാല് പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. കോളേജിന്റെ ഡയറക്ടറായിരുന്ന ഡോ.ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. അന്നത്തെ മെഡിക്കല്‍ കോളേജ് കണ്ട്രോളര് ഡോ. പി തങ്കരാജന്, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി മധുസൂദനന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
സിഎസ്ഐ സഭയില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ സീറ്റ് ഇടപാടാണിത്. 24 പേരാണ് കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനെ നേരത്തെ സമീപിച്ചത്. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ കൈപ്പറ്റിയെന്നാണ് പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നല്‍കിയതെന്നായിരുന്നു പരാതി. ഈ തുക തിരിച്ചുവാങ്ങി തരണമെന്നായിരുന്നു ആവശ്യം. 2016 മുതല്‍ മുന്‍കൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും തെളിവെടുപ്പില്‍ നേരത്തെ ബിഷപ്പ് അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നു. പരാതിക്കാര്‍ക്ക് 12 തവണകളായി തുക മടക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷന് കര്‍ശനമായി ഇടപെട്ടതും, നടപടി ശുപാര്‍ശ ചെയ്തതും.അഴിമതിയില്‍ പങ്കാളിയായ ഡോ. ബെനറ്റ് എബ്രഹാമിനെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും സിഎസ്ഐ സഭയില്‍ വിവാദത്തിനു വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: