ഇടുക്കി: വനഭൂമി കൈയേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ഉത്തരവിട്ടു. 32 വര്‍ഷം മുമ്പ് ആരംഭിച്ച നിയമ നടപടിയ്ക്കാണ് ഇതോടെ ശുഭാവസാനമാകുന്നത്.
റിസോര്‍ട്ട് അടക്കം സ്ഥിതി ചെയ്യുന്ന മൂന്നേക്കറോളം ഭൂമിയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റെടുത്ത് വനംവകുപ്പിന് കൈമാറാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് തൊടുപുഴ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2012ലെ ഹൈക്കോടതി വിധിക്ക് വിധേയമായിട്ടുള്ള നടപടി വരുന്നത്. സംഭവത്തില്‍ നടപടി എടുക്കാതെ കിടക്കുന്നത് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ ശ്രദ്ധയില്‍പെടുകയും സര്‍ക്കാര്‍ താല്പര്യ പ്രകാരം ഉത്തരവ് ഇറക്കുകയുമായിരുന്നു. 1979ല്‍ പോത്തുമറ്റം തഴക്കല്‍ ചാക്കോ മാത്യു തന്റെ കൈവശമുള്ളതെന്ന് അവകാശപ്പെട്ട ഭൂമിയാണ് പിന്നീട് റിസോര്‍ട്ട് ഗ്രൂപ്പിന്റെ പക്കലെത്തിയത്. 1980ല്‍ ഈ ഭൂമിയ്ക്ക് റവന്യൂ വകുപ്പ് പട്ടയം നല്കി.
ഇത് വനഭൂമിയാണെന്ന് കണ്ടെത്തിയതോടെ കയേറ്റത്തിനെതിരേ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് 1988ല്‍ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറും റിപ്പോര്‍ട്ടും നല്കി. അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് വസ്തുവിന്റെ കൈവശ അവകാശം റിസോര്‍ട്ട് ഗ്രൂപ്പിന്റെ പക്കലെത്തി. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
അടിസ്ഥാനരഹിതമായ വാദങ്ങളുടെയും കേസുകളുടെയും അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മാറി വന്ന ഉടമകള്‍ വൈകിപ്പിച്ചു. അവസാനം ഉടമയുടെ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി 2012ല്‍ വിഷയം ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് വിട്ടു. ശക്തമായ നടപടി എടുക്കാതെ അന്നത്തെ കളക്ടര്‍ ഫയല്‍ പൂഴ്ത്തി. പിന്നീട് വന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇത് വന്നതുമില്ല. അതേസമയം കെട്ടിടം പൊളിച്ച് നീക്കാതെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനമെന്ന് കളക്ടര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: