ആലപ്പുഴ: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചു. പൂങ്കാവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ ഡിഎംഒയ്ക്കു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ആറ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
പിത്താശയത്തിലെ കല്ല് ശസ്ത്രക്രിയയ്ക്കാണു കലവൂര്‍ സ്വദേശിനിയെ ആശുപത്രിയില്‍ എത്തിച്ചത്. കൊറോണ പരിശോധന നടത്തി നെഗറ്റീവാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ശസ്ത്രക്രിയ നടത്താവൂ എന്നാണ് ചട്ടം. പരിശോധനയ്ക്ക് സ്രവം എടുത്തിരുന്നെങ്കിലും ഫലം ലഭിക്കും മുന്‍പ് ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് വിവരം. ഇതാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ട ദുരവസ്ഥയ്ക്ക് കാരണം. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ശസ്ത്രക്രിയ നടത്താത്തതിനാല്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് ഇവിടെ ശസ്ത്രക്രിയ നടത്തിയതെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്.
കൊറോണ സ്ഥിരീകരിച്ച യുവതി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. ലാബ് അടയ്ക്കുകയും, ജീവനക്കാര്‍ ക്വാറന്റൈനിലാകുകയും ചെയ്തു. ലാബില്‍ കഴിഞ്ഞ പത്തു ദിവസത്തിനകം എത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടി എത്തിയവരുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: