ചെങ്ങന്നൂര്‍: മുസ്ലിം തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായ എബിവിപി നഗര്‍ സമിതി പ്രസിഡന്റ് മുളക്കുഴ കോട്ട ശ്രീശൈലം വീട്ടില്‍ വിശാലിന്റെ ബലിദാനത്തിന് ഇന്ന് എട്ടുവര്‍ഷം.
ഇടതു-വലത് മുന്നണികളുടെ അവഗണനയില്‍ നീതി നിഷേധിക്കപ്പെട്ട വിശാലിന്റെ അച്ഛന് വേണുഗോപാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. 2012 ജൂലൈ 17നാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തില്‍ ക്യാമ്പസ് ഫ്രണ്ടുകാര്‍ കുത്തിക്കൊലപ്പെടുത്തിയത്.
കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ആദ്യം യുഡിഎഫ് സര്‍ക്കാരും തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരും നിരാകരിച്ച സാഹചര്യത്തിലാണ് വേണുഗോപാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസ് സംബന്ധിച്ച തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ട് വിശാലിനോട് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ക്ക് പക ഉണ്ടായിരുന്നു എന്നത് കേസ് അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. അതേ പോലെ വിവിധ ജില്ലകളില്‍ നടന്ന ഗൂഢാലോചന ഈ സംഭവത്തിനു പിന്നിലുണ്ടെന്നും കേസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
മാവേലിക്കര ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ കുറ്റപത്രം വായിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. അരുംകൊലയുടെ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു വര്‍ഷം വേണ്ടി വന്നു എന്നത് രാഷ്ട്രീയ ഇടപെടലുകളുണ്ടായി എന്നതിന് തെളിവാണെന്നാണ് വേണുഗോപാലിന്റെ വിശ്വാസം.
എയര്‍ഫോഴ്സ് സര്‍വീസിനുശേഷം നീണ്ടനാള്‍ പ്രവാസ ജീവിതം നയിച്ചിരുന്ന വേണുഗോപാല്‍ മകന്റെ മരണത്തെ തുടര്‍ന്ന് ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസം. നഴ്സായ ഭാര്യ സതിയും മൂത്ത മകനും വിദേശത്താണ്.
അനീഷ് മുളക്കുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: