തിരുവനന്തപുരം : ഭരണശേഷിയുള്ള ഉദ്യോഗസ്ഥനായി കണക്കാക്കിയാണ് എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത്. എന്നാല്‍ വിശ്വാസങ്ങള്‍ക്ക് കോട്ടമുണ്ടാക്കിയെന്ന് ശിവശങ്കറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുമായി ശിവശങ്കറിന് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. എന്നിട്ടും മുഖ്യമന്ത്രി നടപടി സ്വീകരിച്ചിരുന്നില്ല. നടപടി സ്വീകരിക്കാന്‍ തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം സ്വപ്ന സുരേഷിന് ഫഌറ്റ് ബുക്ക് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തിയ ചിഫ്സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് ശിവശങ്കറിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ഇതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ശിവശങ്കറിനെ പിന്തള്ളി രംഗത്ത് എത്തിയിരിത്തുന്നത്.
ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം കേരളത്തില്‍ ഇനി ആവര്‍ത്തിക്കില്ല. കോടിയേരി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുകേസ് വരും തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാവില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. അതിനിയിലാണ് കോടിയേരിയുടെ ലേഖനം പുറത്തുവന്നിരിക്കുന്നത്. സ്വയം കുഴിച്ച കുഴിയില്‍ വീണവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ കൈ നീളില്ല എന്നാണ് ശിവശങ്കറിന്റെ സസ്പെന്ഷന് തെളിയിക്കുന്നത്. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്.
കളങ്കമില്ലാത്ത സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ ചമച്ച് അരാജകസമരം നടത്തി സര്‍ക്കാരിനെ തകര്‍ക്കാമെന്ന് കരുതേണ്ട. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം സമ്മതിക്കില്ല. അതേസമയം സ്വര്‍ണക്കടത്തിന്റെ മറവില്‍ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാര്‍ നഖശിഖാന്തം എതിര്‍ക്കുമെന്നും കോടിയേരിയുടെ ലേഖനത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: