ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ നൂറില്‍ കൂടുതല്‍ പോയിന്റു നേടി റെക്കോഡു കുറിക്കാമെന്ന ലിവര്‍പൂളിന്റെ മോഹം പീരങ്കിപ്പട തകര്‍ത്തു. ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ലിവര്‍പൂളിനെ ആഴ്‌സണല്‍ ഞെട്ടിച്ചു. പിന്നില്‍ നിന്ന് പൊരുതിക്കയറിയ പീരങ്കിപ്പട ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ അട്ടിമറിച്ചത്.
സാദിയോ മാനെ ഇരുപതാം മിനിറ്റില്‍ നേടിക്കൊടുത്ത ലീഡ് നിലനിര്‍ത്തുന്നതില്‍ ലിവര്‍പൂള്‍ പരാജയപ്പെട്ടു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ലകാസെറ്റെയും നെല്‍സണും കുറിച്ച ഗോളുകളില്‍ ആഴ്‌സണല്‍ വിജയത്തിലേക്ക് പറന്നിറങ്ങി.
ഏഴു മത്സരങ്ങള്‍ ശേഷിക്കെ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ലിവര്‍പൂള്‍ , ഒരു സീസണില്‍ നൂറ് പോയിന്റു നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡ്(2017-18) തകര്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ആഴ്‌സണലിനോടുള്ള തോല്‍വി ഈ പ്രതീക്ഷ തകര്‍ത്തു. നിലവില്‍ 36 മത്സരങ്ങളില്‍ ലിവര്‍പൂളിന് 93 പോയിന്റാണുള്ളത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും സിറ്റിയുടെ റെക്കോഡ് അവര്‍ക്ക് മറികടക്കാനാകില്ല.
സെനഗല്‍ സ്‌ട്രൈക്കറായ സാദിയോ മാനെ ഇരുപതാം മിനിറ്റില്‍ ഗോള്‍ നേടി ലിവര്‍ പൂളിന് മികച്ച തുടക്കം സമ്മാനിച്ചു. ആഡ്രൂ റോബര്‍ട്‌സണിന്റെ ക്രോസില്‍ നിന്നാണ് മാനെ ഗോള്‍ അടിച്ചത്. പക്ഷെ ഈ ഗോളിന്റെ മുന്‍തൂക്കം ലിവര്‍പൂള്‍ നഷ്ടപ്പെടുത്തി. 32-ാം മിനിറ്റില്‍ ലകാസെറ്റയും 44-ാം മിനിറ്റില്‍ നെല്‍സണും ഗോള്‍ നേടി ആഴ്‌സണലിനെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള ലിവര്‍പൂളിന്റെ ശ്രമങ്ങള്‍ വിഫലമായി.
ഈ വിജയത്തോടെ ആഴ്‌സണല്‍ 36 മത്സരങ്ങളില്‍ 53 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: