തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരം പത്രസമ്മേളനത്തില്‍ അറിയിച്ചത്. അന്വേഷണ വിധേയമായാണ് മാറ്റി നിര്‍ത്തല്‍ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിതല സമിതി ഇന്ന് വൈകുന്നേരം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനം ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായും അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നതായും സമിതി കണ്ടെത്തി. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ഫോണ്‍വിളിയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ ശിവശങ്കറിന് കുരുക്ക് മുറുകിയിരുന്നു. ഒമ്പതു മണിക്കൂറിലധികം കസ്റ്റസ് ശിവശങ്കറിനെ ചോദ്യം ചെയ്തതോടുകൂടി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗപ്പെടുത്തിയാണ് കള്ളക്കടത്തു നടത്തിയെതെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയതോടെ വിശ്വസ്തനെ ഒഴിവാക്കി മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്റെ നിയമനത്തില്‍ അന്വേഷണ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അരുണിന് കള്ളക്കടത്തു സംഘവുമായി കൂടുതല്‍ ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: