തിരുവല്ല: അടുത്ത മണ്ഡലക്കാലത്തിന് മുമ്പ് കൊറോണ ഭീതിയൊഴിയണമെന്ന മനമുരുകിയുള്ള പ്രാര്‍ഥനയിലാണ് കോടിക്കണക്കിന് അയ്യപ്പഭക്തര്‍. മണ്ഡലക്കാലത്തിന് മുന്നൊരുക്കങ്ങള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചു. ഇതിനായി ഉന്നതതല യോഗങ്ങള്‍ പലതും നടക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും തീര്‍ത്ഥാടനം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കണം. ചിങ്ങം ഒന്നിന് ശബരിമലയിലേയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടതുണ്ട്.
ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രം കണ്ണുവയ്ക്കുന്ന ദേവസ്വം ബോര്‍ഡ് സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ്. കൊറോണ 250 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ബോര്‍ഡ് പറയുന്നത്. രോഗം വ്യാപകമായതിന് ശേഷം മാസപൂജയ്ക്കോ, വിഷുവിനോ, ഉത്സവത്തിനോ ഭക്തരെ പ്രവേശിപ്പിച്ചില്ല. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നടവരവ് പ്രതീക്ഷിച്ച് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. പക്ഷെ ക്ഷേത്രങ്ങളില്‍ പോകാതെ ഭക്തര്‍ അകലം പാലിച്ചു. രോഗ വ്യാപനം കൂടിയതോടെ ബോര്‍ഡ് വീണ്ടും ഭക്തരെ പ്രവേശിപ്പിക്കാതെയായി.
സാമ്പത്തിക പ്രതിസന്ധി മൂലം ശബരിമലയിലടക്കം ചെലവേറിയ നിര്‍മാണ പ്രവര്‍ത്തനം വേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഇടത്താവളങ്ങളില്‍ പരിമിതമായ തോതിലാകും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്. അതേസമയം, ദേവസ്വം ബോര്‍ഡിനുണ്ടായ വരുമാന നഷ്ടം കുറയ്ക്കാന്‍ 2018-ലെ ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടിയില്‍ 40 കോടി മാത്രമാണ് സര്‍ക്കാര്‍ കൈമാറിയത്. കൊറോണ ഉണ്ടാക്കിയ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 200 കോടി അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: