ആലപ്പുഴ: തദ്ദേശ ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരത്തില്‍ ജില്ലയില്‍ കുറഞ്ഞത് 5,000 ബെഡ്ഡുകള്‍ എങ്കിലും ഒരാഴ്ചയ്‌ക്കകം സജ്ജീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഓഡിറ്റോറിയങ്ങള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കണ്ടെത്തി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഓരോ പഞ്ചായത്തും 50 ബെഡ്ഡുകള്‍ എങ്കിലും സ്ഥാപിക്കാന്‍ പര്യാപ്തമായ കെട്ടിടം കണ്ടെത്തണം. ഏതെങ്കിലും പഞ്ചായത്ത് പരിധിയില്‍ ഇതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ തൊട്ടടുത്ത ഒന്നോ രണ്ടോ പഞ്ചായത്തുകള്‍ ചേര്‍ന്ന് സിഎഫ്ടിസിക്കുള്ള കെട്ടിടം കണ്ടെത്തണം. അനുയോജ്യമായ കെട്ടിടം കണ്ടെത്തുന്നതിനും സജ്ജീകരിക്കുന്നതിനും എംപിമാരും എംഎല്‍എമാരും പരമാവധി സഹായം നല്‍കണമെന്ന് കളക്ടര്‍ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഹരിപ്പാട് താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നവര്‍ക്ക് നിലവില്‍ ചികിത്സയുടെ അഭാവം നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.
ക്വാറന്റൈനില്‍ ഉള്ളവരുടെയും അല്ലാത്തവരുടെയും സ്വാബ് ടെസ്റ്റ് ഫലം വരുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് യോഗത്തില്‍ സംസാരിച്ച എ.എം.ആരിഫ് എംപി ചൂണ്ടിക്കാട്ടി. രോഗപ്പകര്‍ച്ച കൂടുതലുള്ള പ്രദേശങ്ങളില്‍ ഉള്ള ആളുകളുടെ സ്രവം എടുത്തു വേഗത്തില്‍ റിസള്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നടത്തുന്നതിനും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അധിക ഫണ്ട് പഞ്ചായത്തുകള്‍ക്ക് ഉടന്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ സൂചനയെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: