തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസിന് നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സൂചന. പ്രാഥമിക മൊഴി രേഖപ്പെടുത്തലാണ് ചൊവ്വാഴ്ച നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാകുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിവരെ നീണ്ടു.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ളത് അടുത്ത സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. ചില പരിപാടികളുടെ സംഘാടനത്തിലും സരിത്ത് സഹകരിച്ചിട്ടുണ്ട്. സ്വപ്നയ്ക്കും സരിത്തിനും കള്ളക്കടത്ത് സംഘമായോ മറ്റേതെങ്കിലും ബിസിനസ് ഉള്ളതായോ അറിയില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു കാര്യത്തിലും ഇടപ്പെട്ടിട്ടില്ല. സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നു.
സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധത്തെ കുറിച്ചായിരുന്നു കസ്റ്റംസിന്റെ ചോദ്യങ്ങളേറെയും. ജൂലൈ 1, 2 തീയതികളില്‍ ശിവശങ്കറിന്റെ ഫഌറ്റിന് സമീപത്തെ ഹോട്ടലില്‍ കള്ളക്കടത്ത് സംഘാംഗങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായി. ഇവയില്‍ പലതിനും ശിവശങ്കര്‍ നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചോദ്യം ചെയ്യല്‍ അര്‍ധരാത്രിയും പിന്നിട്ടതോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവന്നു.
ശിവശങ്കറിന്റെ മൊബൈല്‍ ഫോണും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷവും ഫോണ്‍ കസ്റ്റംസ് വിട്ടുനല്‍കിയില്ല. സിഡാക്കില്‍ ഫോണ്‍ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് നല്‍കും. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്റെ ഫോണും അയക്കാനാണ് തീരുമാനം. സ്വര്‍ണക്കടത്ത് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: