‘ഊഴിയില്‍ ചെറിയവര്‍ക്കറിയുവാന്‍’ ആദികവി ഉര ചെയ്ത രാമമന്ത്രങ്ങള്‍, ഭാഷാ പിതാവ് തുഞ്ചത്ത് ആചാര്യന് അതിന് മലയാളത്തിന്റെ മധുരം പകര്‍ന്നു. ആദികാവ്യമായ രാമായണം അങ്ങനെ ശാരിക പൈതലിന്റെ കൊഞ്ചലില്‍ നമ്മുടെ രാമായണമായി. രാമായണപാരായണം നമ്മളില്‍ മൂല്യാവബോധമുണര്ത്തി. വറുതിയും വ്യാധിയും നിറയുന്ന കര്‍ക്കടക ദുരിതങ്ങള്‍ക്ക് ശമനൗഷധിയായി. ഭക്തിമഴ പെയ്തിറങ്ങുന്ന കര്‍ക്കടകം രാമായണമാസവുമായി.
വിശ്വമാനവികതയുടെ സന്ദേശവും ധര്‍മത്തിന്റെ അന്തഃസത്തയുമറിയിച്ച് വിവര്‍ത്തനങ്ങളും പുനരാഖ്യാനങ്ങളുമായി രാമായണത്തിന് ഭാഷാന്തരങ്ങള്‍ പെരുകി. എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിന് അക്കൂട്ടത്തില്‍ രണ്ടാമതല്ലത്തൊരു സ്ഥാനവുമുണ്ട്. ദിശാബോധം നഷ്ടമാവാതെ മലയാളിയെ നല്ലപാഠങ്ങളിലേക്ക് നയിക്കുകയെന്ന ആചാര്യന്റെ അധ്യാത്മരാമായണദൗത്യം ഇന്നും അനുസ്യൂതം തുടരുകയാണ്. പരമാത്മ ചൈതന്യമായ ശ്രീരാമനിലൂടെ. സീതയെന്ന യോഗമായയിലൂടെ.
ആദര്‍ശാധിഷ്ഠിത ജീവിതം പകര്‍ന്നാടിയ രാമന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന പ്രഭാതവും പ്രദോഷവുമായി വീണ്ടുമൊരു കര്ക്കടകമെത്തുകയാണ്. ഭാഷയ്ക്ക് കരുത്തു പകര്‍ന്ന രാമായണ ശീലുകകള് മുമ്പെന്ന പോലെ ഇന്നും കര്‍ക്കടകത്തെ ധന്യമാക്കുന്നു. പഴയ തലമുറ പറഞ്ഞ പഞ്ഞകര്ക്കടക്കഥകള്ക്ക് കഴമ്പുണ്ടെന്നും നമ്മളിന്ന് അറിയുന്നു. മഹാമാരിയുടെ താണ്ഡവവും അതേത്തുടര്‍ന്നുള്ള ദുരിതങ്ങളും അപ്പാടെ ശമിക്കാന്‍ ആത്മാര്‍പ്പണത്തോടെ രാമപാദങ്ങളില്‍ അഭയം തേടാം. ശൈലീസുന്ദരമായ ഈരടികളില്‍ പ്രഭാത-സന്ധ്യകളെ ധന്യമാക്കി കിളിപ്പാട്ടുയരട്ടെ…കാതോര്‍ക്കാം.
‘പര്‍ണശാലയില്‍ സീതയ്ക്കാരൊരു തുണയുള്ളൂ?
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
കൊണ്ടു പോകയോ കൊന്നു ഭക്ഷിച്ചു കളകയോ…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: