ശാസ്താംകോട്ട: ശാസ്താംകോട്ടയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നലെ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ രോഗികളുടെ ആകെ എണ്ണം 35 ആയി. ഇതില്‍ പന്ത്രണ്ടും പതിമൂന്നും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടും. നാലുപേര്‍ക്ക് ആദ്യ രോഗിയായ മത്സ്യക്കച്ചവടക്കാരനില്‍ നിന്നുള്ള സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാള്‍ പോരുവഴിക്ക് സമീപം കമ്പലടി സ്വദേശിയാണ്.
ഒരാഴ്ചയായി എല്ലാ ദിവസവും നാലും അഞ്ചും പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ ശാസ്താംകോട്ട ഭാഗത്തു നിന്നും ആയിരത്തിലധികം പേരുടെ പരിശോധനാ ഫലം വരാനുമുണ്ട്. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ നിന്നും ദിനംപ്രതി മുന്നൂറോളം പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയക്കുന്നത്. ശാസ്താംകോട്ട, ഭരണിക്കാവ് പ്രദേശങ്ങളടക്കം മിക്കയിടങ്ങളും ഇപ്പോള്‍ വിജനമാണ്.
രോഗവ്യാപന ഭീതി മൂലം പലരും പുറത്തിറങ്ങാന്‍ മടിക്കുകയാണ്. കഴിഞ്ഞ ദിവസം ശൂരനാട് തെക്കും വടക്കും പഞ്ചായത്തുകളില്‍ നിന്നുമായി ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തങ്കിലും ഇന്നലെ വരെയുള്ള ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ ഇവിടെ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വിലയിരുത്തല്‍ ശൂരനാട് മേഖലയില്‍ അല്‍പ്പം ആശ്വാസത്തിന് ഇടനല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: