കൊല്ലം: തങ്കശ്ശേരിയിലും ആധുനിക മാര്‍ക്കറ്റ് വരുന്നു. തങ്കശ്ശേരിയുടെ പഴമയും ചരിത്രപ്രാധാന്യവും കണക്കിലെടുത്താണ് 705 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള ആധുനിക മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. 2.10 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
ബ്രിട്ടീഷുകാര്‍ നിര്‍മിച്ച തങ്കശ്ശേരി ആര്‍ച്ച് ഗേറ്റിന് സമാനമായാണ് മാര്‍ക്കറ്റ് കെട്ടിടത്തിന്റെ കവാടം രൂപകല്പന ചെയ്യുക. തങ്കശ്ശേരിയിലെ നിലവിലുള്ള മാര്‍ക്കറ്റിന്റെ പരാധീനതകള്‍ ഒഴിവാക്കി മാര്‍ക്കറ്റ് നവീകരിക്കണമെന്ന് ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് പഴമയും പുതുമയും ഇണക്കിച്ചേര്‍ത്ത് ആധുനിക മാര്‍ക്കറ്റിന് രൂപരേഖ തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ആധുനികരീതിയില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റ് സമുച്ചയത്തില്‍, റീട്ടെയില്‍ ഷോപ്പുകള്‍, സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ തീര്‍ത്ത ഡിസ്പ്ലേ ടേബിളോടു കൂടിയ പതിനേഴോളം ഫിഷ് ഔട്ട്ലെറ്റുകള്, ബുച്ചര്‍ സ്റ്റാളുകള്‍, കോള്‍ഡ് സ്റ്റോറേജ് സംവിധാനം എന്നിവയുമുണ്ടാകും. മലിനജലം ഒട്ടും കെട്ടിനില്‍ക്കാത്ത ഓവുചാലുകളും അവ ശുദ്ധീകരിക്കുന്ന എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.
ഗുണമേന്മയേറിയ പ്ലംബിംഗ്, ആധുനിക ലൈറ്റിംഗ് സംവിധാനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ടോയ്ലറ്റ് സംവിധാനങ്ങള്‍, സന്ദര്‍ശകര്‍ക്കായുള്ള ടോയ്ലറ്റുകള്, ഇന്റര്‍ലോക്ക് പാകിയ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, നിലവിലെ ആല്‍മരം ഉള്‍പ്പെടെ സംരക്ഷിച്ചുകൊണ്ടുള്ള ലാന്‍ഡ് സ്കേപ്പിംഗ്, ലോഡിംഗ് സൗകര്യങ്ങള്‍ എന്നിവയും ഈ മാര്‍ക്കറ്റ് സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുï്. തീരദേശവികസന കോര്പ്പറേഷന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി 8 മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: