പതിമൂന്നു വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട കേസില്‍ രാജകുടുബത്തിനു അനുകൂലമായ വിധി ഉണ്ടായത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു:
- 2007 സെപ്റ്റംബര്‍ 13: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ട്രോങ് റൂമുകള്‍ തുറന്ന് സ്വര്‍ണം പുറത്തെടുക്കുന്നത് അനധികൃതമാണെന്നും ആചാരവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു ആദ്യ ഹര്‍ജി. ക്ഷേത്രത്തിലെ സ്ട്രോങ് റൂമുകള്‍ മേലില്‍ ഉത്തരവുണ്ടാകുന്നതുവരെ തുറക്കരുതെന്ന് പ്രിന്‍സിപ്പല്‍ സബ്ജഡ്ജി എസ്.എസ്. വാസന് ഉത്തരവിട്ടു.
- 2007 ഡിസംബര്‍: ക്ഷേത്രവും സ്വത്തുക്കളും രാജകുടുംബത്തിന്റെ വകയല്ലെന്ന് കോടതിയുടെ ഇടക്കാല വിധി.
- 2010 ഫെബ്രുവരി: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഹൈക്കോടതിയില്‍ ഹര്‍ജി നല്കുന്നു. ക്ഷേത്രത്തിന്റെയും ഭണ്ഡാരം വക വസ്തുക്കളുടെയും മേല്‍ തനിക്കുള്ള ഭരണാധികാരം ചോദ്യം ചെയ്ത് സിവില്‍ കോടതിയിലുള്ള കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
- 2010 മാര്‍ച്ച് 16: ക്ഷേത്രവും പണ്ടാരവക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമങ്ങളും തിരുവിതാംകൂര്‍ മഹാരാജാവിന്റേതാണെന്നു സര്‍ക്കാര്‍. ഇതു സംബന്ധിച്ച പത്രിക പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്തു.
- 2011 ഫെബ്രുവരി 1: ഹൈക്കോടതിയുടെ സുപ്രധാന വിധി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. മൂന്നു മാസത്തിനുള്ളില്‍ ഇതിനായി ട്രസ്റ്റോ സമിതിയോ രൂപീകരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് അനുഷ്ഠാനങ്ങള്‍ ആചാരപ്രകാരം നടത്തണം. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെയും പിന്മുറക്കാരെയും ‘പദ്മനാഭദാസന്’ എന്ന നിലയില്‍ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിര്‍മിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കള്‍ ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും കാണാന്‍ അവസരമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
- 2011 മേയ് 03: സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാല്‍, നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ വസ്തുവിവരപ്പട്ടിക തയാറാക്കുന്നതിന്റെ മേല്‍നോട്ടത്തിന് ഏഴംഗ നിരീക്ഷക സംഘത്തെ ചുമതലപ്പെടുത്തി.
- 2011 ജൂണ്‍ 28: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളുടെ പരിശോധനയ്ക്ക് ഉത്തരവ്. തുടര്‍ന്ന് രണ്ടു നിലവറകളില്‍ അമൂല്യ രത്നങ്ങളും സ്വര്‍ണം, വെള്ളി ഉരുപ്പടികളും കണ്ടെത്തി.
- 2011 ജൂലൈ 09: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ബി നിലവറ തുറക്കരുതെന്ന് സുപ്രീം കോടതി. ക്ഷേത്രത്തില്‍നിന്നു കണ്ടെടുത്ത അപൂര്‍വ നിധിശേഖരം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ച് വിശദമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ രാജകുടുംബത്തോടും സംസ്ഥാന സര്‍ക്കാരിനോടും ജസ്റ്റിസ് ആര്.വി. രവീന്ദ്രന്, ജസ്റ്റിസ് എ.കെ. പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
- 2011 ഓഗസ്റ്റ് 20: മൂലം തിരുനാള്‍ രാമവര്‍മ സുപ്രീം കോടതിയില്‍ ഇടക്കാല അപേക്ഷ നല്കുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്നും വിദഗ്ധ സമിതിയുടെ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കണമെന്നും ഉത്തരവിടണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ.
- 2012 നവംബര്‍ 07: അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ നല്കുന്നു. ക്ഷേത്രത്തിലെ സമ്പത്ത് ദേവന്റേതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ ഗോപാല്‍ സുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തു.
- 2014 ഏപ്രില്‍ 25: ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. 2011 ജനുവരിയില്‍ ഹൈക്കോടതി നല്കിയ വിധി ചോദ്യംചെയ്തുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ഹര്‍ജിയിലാണു ക്ഷേത്രഭരണം രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍നിന്നു മാറ്റി സുപ്രീം കോടതി ഇടക്കാല ഉത്തരവു നല്‍കിയത്. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയെ ഏല്പിക്കാനും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മൂലം തിരുനാള്‍ രാമവര്‍മ ട്രസ്റ്റിയായും ഗുരുവായൂര്‍ ദേവസ്വം മുന്‍ കമ്മിഷണര്‍ കെ.എന്‍. സതീഷിനെ എക്സിക്യൂട്ടീവ് ഓഫിസറായും മുന്‍ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിനോദ് റായിയെ കണക്കെടുപ്പിനു നേതൃത്വം നല്‍കാനും കോടതി നിയമിച്ചു.
- 2017 ജൂലൈ 05: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയം നടത്തുന്നതിനായി ‘ബി’ നിലവറ തുറക്കണമെന്നു സുപ്രീം കോടതി.
- 2017 ഓഗസ്റ്റ് 30: ബി നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ചു തിരുവിതാംകൂര്‍ രാജകുടുംബം.
- 2019 ജനുവരി 23: കേസുകളില്‍ അവസാനവാദം രണ്ടു ദിവസമായി കേള്‍ക്കുമെന്നു സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച്.
- 2019 ജനുവരി 30: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്നും പ്രതിഷ്ഠയ്ക്കാണ് സ്വത്തില്‍ അവകാശമെന്നും തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
- 2020 ജൂലൈ 13: ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പ് അവകാശങ്ങളില്‍ രാജകുടുംബത്തിനുള്ള അധികാരം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: