മലപ്പുറം: കസ്റ്റംസിന്റെ പിടിയിലായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസ് അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് മാഫിയയുടെ കേരളത്തിലെ വിശ്വസ്തനായ ഏജന്റ്. മുസ്ലിം ലീഗിന് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സ്വാധീനം ഇയാള്‍ നന്നായി ഉപയോഗിച്ചിരുന്നതായാണ് വിവരം. മുന്‍ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയുടെ കൊച്ചുമകനായതുകൊണ്ട് ലീഗിലെ പ്രധാന നേതാക്കളുമായി നല്ല അടുപ്പമാണ് റമീസിനുള്ളത്. പല കേസുകളിലും പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ റമീസിന് വേണ്ടി ഇടപെട്ടിട്ടുണ്ട്. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം തമിഴ്നാട്ടിലെത്തിച്ച് പണമാക്കി മാറ്റിയിരുന്നത് റമീസാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
പോലീസിന് ഒരു സൂചന പോലും നല്‍കാതെ ഞായറാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നാണ് റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി കസ്റ്റംസ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു, എന്നാല്‍ രണ്ടാമന്റെ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒളിവില്‍ കഴിയവേ സ്വപ്ന, റമീസിനെ ഫോണില്‍ വിളിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ എവിടെയൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഞായറാഴ്ച വൈകിട്ട് എട്ടംഗ കസ്റ്റംസ് സംഘം റമീസിന്റെ വീട്ടില്‍ വീണ്ടും തിരച്ചില്‍ നടത്തിയിരുന്നു.
2015ലടക്കം ഒന്നിലേറെ തവണ റമീസ് സ്വര്‍ണവുമായി കരിപ്പൂരില്‍ നിന്ന് പിടിയിലായിരുന്നു. ഒരു പ്രാവശ്യമൊഴികെ ബാക്കിയുള്ള കേസുകളിലെല്ലാം മുസ്ലിംലീഗ് നേതാക്കള്‍ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. 2019 നവംബറില്‍ റമീസിന്റെ ബാഗേജില്‍നിന്ന് എയര്‍ഗണിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അന്ന് ഇത് കേരളാ പോലീസിന്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ കസ്റ്റംസിന് കൊടുത്തിട്ടില്ല.
ഇതിനോടകം മൂന്നുപ്രാവശ്യം കസ്റ്റംസ് ഉന്നതര്‍ ഈ അവശ്യമുന്നയിച്ച് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇപ്പോള്‍ സ്വര്‍ണക്കേസ് പുറത്തായതോടെ കേരളാ പോലീസിന്റെ ഫൊറന്‍സിക് ബലിസ്റ്റിക് വിഭാഗം പരിശോധന തുടങ്ങിയിട്ടുണ്ട്. ആദ്യഫലം കസ്റ്റംസിനെപ്പോലും ഞെട്ടിക്കുന്നതാണ്. ആറുതോക്കിന്റെ ഭാഗങ്ങളാണ് കടത്തിയതെന്ന ധാരണ തിരുത്തി 13 തോക്ക് നിര്‍മിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ റമീസ് കടത്തിയ പാര്‍സലിലുണ്ടെന്ന് കസ്റ്റംസിനെ അറിയിച്ചു.
ഇത്തരത്തില്‍ കടത്തുന്ന തോക്കുകള്‍ രൂപമാറ്റം വരുത്തി യഥാര്‍ഥ തോക്കിന്റെ മാരകശേഷി കൈവരുത്തി സ്വര്‍ണക്കടത്തിന് തമിഴ്നാട്ടിലേക്ക് അകമ്പടി പോകാന്‍ ഉപയോഗിച്ചിരുന്നതായാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്. റമീസിന്റെ തോക്ക് കേസ് ഇനി അന്വേഷിക്കുന്നത് എന്‍ഐഎ ആയിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ വ്യക്തമായതോടെ ലീഗ് നേതാക്കള്‍ റമീസിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ലീഗ് നേതാക്കള്‍ക്ക് റമീസുമായി നല്ല അടുപ്പമാണുള്ളതെന്ന് ഇയാളുടെ അയല്‍ക്കാരടക്കം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: