തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും തലസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കടന്നു. ആദ്യം വര്‍ക്കലയിലേക്കാണ് ഇരുവരും കടന്നത്. അവിടുത്തെ റിസോര്‍ട്ടില്‍ രണ്ട് ദിവസം തങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്വകാര്യ റിസോര്‍ട്ടില്‍ രണ്ട് ദിവസം ഇരുവരും ഒളിച്ചു താമസിച്ചതിന് ശേഷമാണ് ബെംഗളൂരുവിലേക്ക് കാറില്‍ യാത്ര തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത്. വര്‍ക്കലയിലെ സ്വപ്നയുടെ സുഹൃത്തുക്കളില്‍ ചിലരാണ് സ്വപ്നയ്ക്ക് ഇവിടെ നിന്നും കടക്കുന്നതിന് സാമ്പത്തികസഹായങ്ങളും നല്‍കിയത്. എന്നാല്‍ വര്‍ക്കല വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ ഇവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ വിനോദ സഞ്ചാരികളുമായി ബന്ധമുണ്ടോയെന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ ഞായറാഴ്ചവരെ സ്വപ്ന തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നതായാണ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി. ഈ സമയത്ത് സെക്രട്ടറിയേറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷന്‍ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്ളാറ്റില്‍ നിന്നാണ് സ്വപ്ന ഒളിവില്‍ പോയതെന്ന ആരോപണത്തെ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശക്തിപ്പെടുത്തുന്നു.
അറസ്റ്റിലാവുന്നതിന് മുമ്പായി പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വര്‍ണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം ശിവശങ്കറിനെ ബന്ധപ്പെട്ടതായി രേഖകളില്‍ വ്യക്തമാണ്. അറ്റാഷെയുടെ നടപടികളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.
അതിനിടെ കേസിലെ മറ്റൊരു പ്രതിയായ ജലാലും സംഘവും സ്വര്‍ണ്ണക്കടത്തിന് ഉപോഗിച്ചിരുന്ന കാര്‍ പിടിച്ചെടുത്തു. മലപ്പുറം തിരൂരങ്ങാടി രജിസ്ട്രേഷനിലുള്ള വെളുത്ത എറ്റിയോസ് ലിവ മൂവാറ്റുപുഴയില്‍ നിന്നാണ് കണ്ടെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ രഹസ്യ അറകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. മുന്‍വശത്തെ സീറ്റിനടിയിലായാണ് രഹസ്യ അറ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയാണ് ജലാല്‍ എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. തിങ്കളാഴ്ച രാത്രി നാടകീയമായാണ് ഇയാള്‍ മറ്റ് രണ്ട് കൂട്ടാളികള്‍ക്കൊപ്പം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: